ശബരിമല : സന്നിധാനത്ത് മാളികപ്പുറത്തെയും ചന്ദ്രാനന്ദൻ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന

പുതിയ മേൽപ്പാലം നിർമ്മിക്കുന്നു. എസ്റ്റിമേറ്റ് തയ്യാറാക്കാൻ കേന്ദ്ര സർക്കാർ സ്ഥാപനമായ വാപ്കോസിനോട് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടു. അനുമതി ലഭിച്ചാൽ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങാനാണ് തീരുമാനം. നേരത്തെ സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കെല്ലിനെ നിർമ്മാണ ചുമതല ഏൽപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും മുൻകൂറായി പണം ആവശ്യപ്പെട്ടതോടെ ഇവരെ ഒഴിവാക്കിയിരുന്നു. പാലാരിവട്ടംപാലത്തിന്റെ പശ്ചാത്തലത്തിൽ മുൻകൂർ പണം നൽകിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ വേണ്ടെന്നാണ് സർക്കാർ തീരുമാനം. ഇതോടെയാണ് വാപ്കോയെ ബോർഡ് നിർദ്ദേശിച്ചത്.

മാളികപ്പുറത്തെ മേൽശാന്തി മഠത്തിന് പിന്നിൽ നിന്ന് ചന്ദ്രാനന്ദൻ റോഡിലേക്കാണ് ആദ്യ പരിഗണന നൽകിയിരിക്കുന്നത്. എന്നാൽ അലൈൻമെന്റിൽ മാറ്റം വരുത്തി പൊലീസ് ബാരക്കിന് സമീപത്തുകടി പാലം നിർമ്മിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. പാലം യാഥാർത്ഥ്യമായാൽ വലിയ നടപ്പന്തലിലെ തിരക്ക് വലിയ രീതിയിൽ കുറയ്ക്കാൻ കഴിയും.

ശബരിമല മാസ്റ്റർ പ്ളാനിൽ ഉൾപ്പെടുത്തിയാണ് പാലം നിർമ്മിക്കുന്നത്. 375 മീറ്റർ നീളവും 6.4 മീറ്റർ വീതിയും സുരക്ഷാ ഇടനാഴിയും ഉണ്ടാകും. വന്യമൃഗങ്ങൾക്ക് ശല്യമുണ്ടാകാത്ത രീതിയിലായിരിക്കും നിർമ്മാണം. ദർശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തരെ ഈ പാലത്തിലൂടെ പമ്പയിലേക്ക് കടത്തിവിടാൻ കഴിഞ്ഞാൽ തിരുമുറ്റത്തും തിരക്ക് കുറയും. പാലം പണി തുടങ്ങുന്നതോടെ 2005 ൽ കരസേന നിർമ്മിച്ച ബെയ്ലി പാലം പൊളിക്കും. ഉയർന്ന പടിക്കെട്ടുകൾ കാരണം തീർത്ഥാടകർ ഇതുവഴി പോകാൻ താൽപര്യം കാണിക്കാറില്ല.