puli

കോന്നി: മുറിഞ്ഞകല്ലിലെ വീട്ടിൽ നിന്നും പുലിയുടേതെന്നു കരുതുന്ന സി.സി.ടി.വി ദൃശ്യം ലഭിച്ചു. മുറിഞ്ഞകൽ കല്ലുവിള, പാറയിൽ , ജിജു ജോണിന്റെ വീട്ടിലെ സി.സി.ടി.വി കാമറയിലാണ് പുലിയുടേതിന് സമാനമായ സി.സി.ടി.വി ദൃശ്യം കണ്ടത്. വീടിനു മുൻപിലെ റോഡിലൂടെ പുലിയുടേതെന്ന് തോന്നിപ്പിക്കുന്ന ദൃശ്യങ്ങളാണ് സി.സി.ടി.വിയിൽ നിന്ന് ലഭിച്ചത്. പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എ.അനിൽകുമാറിന്റെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. സമീപപ്രദേശമായ ഇഞ്ചപ്പാറയിൽ മൂന്ന് ദിവസങ്ങൾക്ക് മുൻപ് പുലിയിറങ്ങി ആടിനെ കൊന്നിരുന്നു. കോട്ടപ്പാറ മലയുടെ അടിഭാഗത്ത് അഴിച്ചു വിട്ടിരുന്ന ഇഞ്ചപ്പാറ മഠത്തിലെത്തു ജോസിന്റെ ആടിനെയാണ് പുലി കൊന്നത്.

സംഭവത്തിന് ശേഷം മഴ പെയ്‌തതിനാൽ പുലിയുടെ കാല്പാടുകൾ അന്ന് വനം വകുപ്പിന് സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല. കലഞ്ഞൂർ കുടപ്പാറയിലും അടുത്തിടെ പുലിയിറങ്ങി ആടിനെ കൊന്നിരുന്നു. അന്ന് റബർ ടാപ്പിംഗ് നടത്തിയിരുന്ന തൊഴിലാളികൾ കഷ്ടിച്ചാണ് രക്ഷപെട്ടത്.

കലഞ്ഞൂർ നിവാസികൾ ഭീതിയിൽ

കലഞ്ഞൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ അടുത്തിടെ പുലിയുടെ സാന്നിദ്ധ്യം ഉണ്ടായത് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. രാജഗിരി, പാടം, അതിരുങ്കൽ, പോത്തുപാറ, രത്നഗിരി, കുളത്തുമൺ.മേഖലകളിലെ ജനവാസമേഖകളകളിൽ പലതവണ പുലിയുടെ സാന്നിദ്ധ്യമുണ്ടായിട്ടുണ്ട്. കലഞ്ഞൂർ പഞ്ചായത്തിലെ പല പ്രദേശങ്ങളിലും കാടു പിടിച്ചുകിടക്കുന്ന റബർ എസ്റ്റേറ്റുകൾ വന്യ മൃഗങ്ങളുടെ താവളമാക്കുകയാണ്. പുലിയുടെ സാന്നിദ്ധ്യമുണ്ടായ പ്രദേശങ്ങളിൽ കാമറകൾ സ്ഥാപിക്കുമെന്ന് വനപാലകർ പറഞ്ഞു.