പത്തനംതിട്ട: കലഞ്ഞൂർ മേഖലയിൽ 10 ദിവസമായി ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങിയ പുലിയെപ്പറ്റി നാട്ടുകാർ വനപാലകരെ വിവരം അറിയിച്ചിട്ടും കോന്നി ഡി.എഫ്.ഒ ഉൾപ്പെടെ മേലുദ്യോഗസ്ഥരെ അറിയിച്ചത് വളരെ വൈകി. ഇതിനകം നാല് തവണ പുലി ജനവാസ കേന്ദ്രങ്ങളിൽ കടന്നിരുന്നു. ഇൗ വിവരം യഥാസമയം ഡി.എഫ്.ഒയ്ക്ക് റിപ്പോർട്ട് ചെയ്ത് അടിയന്തര നടപടിക്ക് ശുപാർശ ചെയ്യേണ്ടത് നടുവത്തുമൂഴി റേഞ്ച് ഒാഫീസാണ്. എന്നാൽ, പുലി മൂന്നാം തവണ ജനവാസ കേന്ദ്രത്തിൽ കടന്നപ്പോഴാണ് ഡി.എഫ്.ഒ വിവരങ്ങൾ അറിഞ്ഞത്. ബീഹാർ സ്വദേശിയായ ആയുഷ് കുമാർ കാേറിയാണ് കോന്നി ഡി.എഫ്.ഒ.പുതിയ ബാച്ചിലെ എെ.എഫ്.എസ് ഒാഫീസറായ ഇദ്ദേഹം ആറ് മാസം മുൻപാണ് കോന്നിയിൽ ചാർജെടുത്തത്.തുടർന്ന് ട്രെയിനിംഗിന് പോയ ശേഷം ഒരു മാസം മുൻപാണ് ജോലിയിൽ പ്രവേശിച്ചത്. ഭാഷാ പ്രശ്നം നേരിടുന്ന ഇദ്ദേഹത്തിന് ഇംഗ്ളീഷിൽ റിപ്പോർട്ട് തയാറാക്കി നൽകാൻ വൈകിയതാണ് പുലി സാന്നിദ്ധ്യം മനസിലാക്കാൻ കഴിയാതെ പോയത്.കഴിഞ്ഞ ദിവസം ചില വനപാലകരിൽ നിന്ന് വിവരങ്ങൾ അറിഞ്ഞതിനെ തുടർന്ന് റേഞ്ച് ഒാഫീസറോട് ഡി.എഫ്.ഒ റിപ്പോർട്ട് ചോദിച്ചു.തുടർന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയോടെ ഇഞ്ചപ്പാറയിൽ വനമേഖലയോട് ചേർന്ന് രണ്ട് കാമറകൾ സ്ഥാപിച്ചു. പുലിയെ കുടുക്കാൻ കൂടുകൾ സ്ഥാപിക്കാനും നടപടിയായി. കഴിഞ്ഞ മാസം 20ന് കലഞ്ഞൂർ കുടപ്പാറയിലും 22ന് കമ്പകത്തുംപച്ചയിലും 25ന് കുളത്തുമണ്ണിലും ഇന്നലെ മുറിഞ്ഞകൽ ഭാഗത്തുമാണ് നാട്ടുകാർ പുലിയെ കണ്ടത്. കൂടൽ രാജഗിരി ഭാഗത്തെ ബിവറേജസ് ഷോപ്പിൽ മദ്യം വാങ്ങാനെത്തിയ ചിലരും പുലിയെ കണ്ടിരുന്നു. ഇവർ വനപാലകരെ അറിയിച്ചെങ്കിലും ഗൗരവത്തിലെടുത്തില്ല.
പുലിയെ കണ്ട പ്രദേശങ്ങളിൽ പരിശോധനയ്ക്ക് പോയ വനപാലക സംഘത്തിലെ ബീറ്റ് ഫോറസ്റ്റ് ഒാഫീസർ മുഹമ്മദ് ബിലാലിന് പാറക്കെട്ടിൽ വഴുതി വീണ് പരിക്കേറ്റു. കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് മുറിവേൽക്കുകയും ചെയ്തു. കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഒാഫീസർ അനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഒാഫീസർമാരായ വിനോദ്കുമാർ, അഖിൽ ഗണേഷ്, വാച്ചർ രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്കിറങ്ങിയത്.