drama
എം.ജി. സോമൻ ഫൗണ്ടേഷന്റെ നാടകോത്സവം ചലച്ചിത്രകാരൻ രൺജി പണിക്കർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: അതുവരെ തുടർന്നുവന്ന അഭിനയ സങ്കല്പങ്ങളെ മാറ്റിമറിച്ചു കൊണ്ടാണ് എം.ജി. സോമൻ മലയാള ചലച്ചിത്രരംഗത്ത് ശ്രദ്ധേയനായതെന്ന് തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കർ പറഞ്ഞു. എം.ജി.സോമന്റെ വേർപാടിന്റെ 25-ാം വർഷത്തിൽ എം.ജി.സോമൻ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സ്മരണാഞ്ജലിയുടെ ഭാഗമായി തിരുവല്ല സെന്റ് ജോൺസ് ഹാളിൽ നടത്തിയ നാടകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടന്നുവന്നത് നാടകത്തിൽ നിന്നായിരുന്നെങ്കിലും അതിന്റെ അഭിനയ സ്വാധീനത്തിൽ നിന്ന് പൂർണവിമുക്തി നേടിയാണ് സോമൻ സിനിമയിൽ വേറിട്ട സാന്നിദ്ധ്യം അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. മാത്യു ടി.തോമസ് എം.എൽ.എ. മുഖ്യാതിഥിയായി.എം.ജി.സോമൻ ഫൗണ്ടേഷൻ ജനറൽ കൺവീനർ എം.സലിം അദ്ധ്യക്ഷനായിരുന്നു. നടന്മാരായ മോഹൻ അയിരൂർ, പുത്തില്ലം ഭാസി, നാടക അവാർഡ് ജേതാവ് ബാബുരാജ് തിരുവല്ല, ടോപ് സിംഗർഫെയിം ശ്രീനാഥ് വിനോദ്, ആൻ ബെൻസൺ എന്നിവരെ ആദരിച്ചു. പ്രൊഫ.സി.എ.വർഗീസ്, ഫാ.ഏബ്രഹാം താലോത്തിൽ,ഫാ.മാത്യു പുനക്കുളം,റെജി തോമസ്,കൗൺസിലർമാരായ സജി എം.മാത്യു, ശ്രീനിവാസ് പുറയാറ്റ് എന്നിവർ പ്രസംഗിച്ചു.തുടർന്ന് സംഗീത പരിപാടിയും അമച്വർ നാടകമത്സരവും അരങ്ങേറി. നാടകമത്സരം ഇന്നും തുടരും.