മല്ലപ്പള്ളി: എഴുമറ്റൂർ പഞ്ചായത്തിലെ തെള്ളിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിസരം കാടുകയറി ഇഴജന്തുക്കളുടേയും കാട്ടുപന്നിയുടെയും വിഹാരകേന്ദ്രമായി മാറി. മൂന്ന്ഡോക്ടർമാരും പന്ത്രണ്ടോളം ജീവനക്കാരുമുള്ള ആശുപത്രിക്കാണ് ഈ ദുരവസ്ഥ. ദിവസേന നൂറിലതികം രോഗികൾ ചികിത്സക്കായി ഇവിടെ എത്തുന്നുണ്ട്. താരതമ്യേന അടിസ്ഥാന സൗകര്യങ്ങൾ കുറവുള്ള ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ കാര്യക്ഷമായി മുമ്പോട്ട് പോകുന്നുണ്ടെങ്കിലും ചികിത്സയ്ക്കായി എത്തുന്നവർ ഇഴജന്തുക്കളെക്കണ്ട് ഭയന്ന് ഓടേണ്ട അവസ്ഥയാണ്. ഒരേക്കർ വരുന്ന ആശുപത്രി പരിസരത്തെ കാടു നീക്കം ചെയ്യുന്ന കാര്യത്തിൽ അധികൃതർക്ക് മിണ്ടാട്ടമില്ല. രാത്രികാലങ്ങൾ കാട്ടുപന്നിയുടെ ശല്യവും പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. പഞ്ചായത്ത് കെട്ടിടത്തിന്റെ 100മീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന ആധുരാലയത്തിന്റെ പരിസരം വൃത്തിയാക്കുന്നതിൽ ഭരണസമിതിയും ജീവനക്കാരും കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം രണ്ട് വർഷങ്ങൾക്ക് മുമ്പുവരെ കാട് നീക്കം ചെയ്തിരുന്നതായും ഒരു വിഭാഗം പ്രദേശവാസികൾ പറയുന്നു. എച്ച്.എം.സി ഫണ്ട് വിനിയോഗിച്ചോ ,തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയോ,പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയോ കാട് നീക്കം ചെയ്യുന്നതിന് അടിയന്തര നടപടി അധികൃതരുടെ ഭാഗത്തുനിന്നു ഉണ്ടാകണമെന്നാണ് നാട്ടുകാരും പ്രദേശവാസികളുടേയും ആവശ്യം.
മൂന്ന് മാസങ്ങൾക്ക് മുമ്പ് സേവാഭാരതിയുടെ പ്രവർത്തകർ ഇവിടെ ശുചീകരണം നടത്തിയിരുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്യുന്നതിലെ നിയമ തടസവും ,എച്ച്.എം.സി ഫണ്ടിന്റെ അപര്യാപ്തയും പരിസര ശുചീകരണത്തെ ബാധിച്ചു.പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി അടിയന്തരമായി കാടുകൾ നീക്കം ചെയ്യുന്നതിനും ആശുപത്രിയുടെ പ്രവേശന വഴിയുടെ വശങ്ങളിൽ ഇന്റെർലോക്ക് ചെയ്യുന്നതിനുമായി പദ്ധതി വിഭാവനം ചെയ്യും.
ശ്രീജ.ടി.നായർ
(വാർഡ് മെമ്പർ)
.................
കാട് നീക്കം ചെയ്യുന്നതിന് വേണ്ട നടപടി സ്വീകരിക്കാമെന്നും കഴിഞ്ഞ എച്ച്.എം.സി യോഗത്തിൽ തീരുമാനമെടുത്തിട്ടുള്ളതാണ്.സമീപ വസ്തു ഉടമകൾ ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് കാട് നീക്കം ചെയ്യുന്നതിനുള്ള നടപടി ചെയ്യുന്നതാണ്
ലീലാമ്മ സാബു
(ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ്
കമ്മിറ്റി ചെയർപേഴ്സൺ)
......................
3 ഡോക്ടർമാർ
12 ജീവനക്കാർ