tree
വാഹനയാത്രികർക്ക് ഭീഷണിയായി കനാൽ പുമ്പോക്കിൽ ഉണങ്ങി നിൽക്കുന്ന മരം.

അടൂർ : കനാൽ പുറമ്പോക്കിൽ ഉണങ്ങിനിൽക്കുന്ന രണ്ട് വാകമരങ്ങൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. അടൂർ നഗരസഭ നാലാം വാർഡിൽ ഉൗട്ടിമുക്കിനും കോട്ടപ്പുറം ജംഗ്ഷനുമിടയിലാണ് വലിയ വാകമരം ദുർബലാവസ്ഥയിൽ നിൽക്കുന്നത്. ഇത് സംബന്ധിച്ച് നിവരധി പരാതികൾ ഉയർന്നെങ്കിലും അധികൃതർ ഇതുവരെ മുറിച്ചുനീക്കാനുള്ള നടപടി എടുത്തിട്ടില്ല. കാറ്റടിച്ചാൽ ഇതിന്റെ ശിഖരങ്ങൾ ഒടിഞ്ഞു വീണ് വലിയ ദുരന്തത്തിന് വഴിയൊരുക്കം. കനാൽ പുറമ്പോക്കിലായതിനാൽ നാട്ടുകാർക്കും ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. വലിയ ശിഖരങ്ങളാണ് റോഡിലേക്ക് ഉണങ്ങി നിൽക്കുന്നത്. കഴിഞ്ഞ ദിവസം സി.പി.എം വിളയിൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കെ.ഐ.പി അസി.എക്സിക്യൂട്ടീവ് എൻജിനീയർക്ക് പരാതി നൽകി. ദിനംപ്രതി സ്കൂൾ കുട്ടികളും അവരുടെ വാഹനങ്ങളും അടക്കം നിരവധി യാത്രക്കാർ ഉപയോഗിക്കുന്ന പൊതുവഴിയോട് ചേർന്നാണ് മരം ഉണങ്ങി നിൽക്കുന്നത്. ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കാമെന്ന് പരാതി നൽകിയവർക്ക് കെ.ഐ.പി അധികൃതർ ഉറപ്പ് നൽകിയെങ്കിലും യാതൊരു നടപടിയും എടുത്തിട്ടില്ല.

പേടിയോടെ യാത്രക്കാർ

ഇടയ്ക്കിടയ്ക്ക് മഴയും കാറ്റും വരുന്നതോടെ നാട്ടുകാരും വാഹനയാത്രികരും പേടിയോടെയാണ് ഇതുവഴി കടന്നുപോകുന്നത്. സ്വകാര്യ വ്യക്തിയുടെ ഭൂമിയോടെ ചേർന്നാണ് മരം നിൽക്കുന്നത്. ഇത് മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ഇവരും നിരവധി പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായില്ല.