പന്തളം: വരാൻ പോകുന്ന വേനൽചൂടിനെ പ്രതിരോധിക്കാൻ ജൈവ തണ്ണിമത്തൻ തോട്ടങ്ങൾ ഒരുക്കി പന്തളം തെക്കേക്കര. മൂന്ന് ഹെക്ടർ വരുന്ന തരിശുഭൂമികളിൽ തണ്ണിമത്തൻ തോട്ടങ്ങൾ ഒരുക്കുവാനുള്ള പ്രവർത്തനങ്ങൾക്കാണ് ഇന്ന് തുടക്കമായത്. ഏറെ വിഷപൂരിതമായി വിപണിയിൽ ലഭിക്കുന്ന തണ്ണിമത്തൻ ജൈവരീതിയിൽ തന്നെ ഉല്പാദിപ്പിച്ച് തദ്ദേശീകമായി വിപണനം നടത്തുകയാണ് ലക്ഷ്യം. തെക്കേക്കര പടുകോട്ടുക്കൽ വാർഡിൽ 75 സെന്റോളം വരുന്ന മുൻ പ്രിൻസിപ്പൽ കൃഷി ഓഫീസർ മേരി ജോർജിന്റെ ഉടമസ്ഥതയിലുള്ള തരിശുഭൂമിയിൽ ആദ്യഘട്ട വിത്തിട്ട് പഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം നിർവഹിച്ചു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പി.വിദ്യാധരപ്പണിക്കർ, കൃഷി ഓഫീസർ ലാലി സി.സീനിയർ കൃഷി അസിസ്റ്റന്റ് തൊഴിലുറപ്പ് പദ്ധതിഓവർസിയർമാരായ അഖിൽ മോഹൻ,രഞ്ചുചന്ദ്രൻ,സി.സി.എസ് വൈസ് ചെയർപേഴ്‌സൺ കെ.ബി ശ്രീദേവി, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തരിശു കിടക്കുന്ന സ്ഥലങ്ങൾ തൊഴിലുറപ്പ് പദ്ധതിയിൽ കൃഷിയോഗ്യമാക്കി ഫലവർഗ തോട്ടങ്ങൾ ഉണ്ടാക്കുന്ന പ്രവർത്തനങ്ങളും നടക്കുന്നു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പ്രധാന ലക്ഷ്യമായ കർഷകർക്ക് വരുമാനവർദ്ധനവ് ഉറപ്പുവരുത്തുവാൻ വേണ്ടിയാണ് ഇപ്പോൾ വ്യത്യസ്തമായ കൃഷിരീതികൾ കൃഷിഭവനും പഞ്ചായത്തും നടപ്പിലാക്കുന്നത്.