പത്തനംതിട്ട : സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിലെ സിഗ്‌നൽ സംവിധാനം തകരാറിലായത് പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
പത്തനംതിട്ട പോസ്റ്റ് ഓഫീസിനു സമീപം പ്രവർത്തിക്കുന്ന പാസ്‌പോർട്ട് സേവാ കേന്ദ്രത്തിന് സ്ഥലം സൗകര്യം കുറവായതിനാൽ സൗകര്യപ്രദമായ സ്ഥലത്തേയ്ക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കണം. പത്തനംതിട്ടയിൽ നിന്ന് അമൃതഹോസ്പിറ്റൽ വരെ പോകുന്ന കെ.എസ്.ആർ.ടി ബസ് പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കണം. പെട്രോൾ പമ്പുകളിൽ കാലിബ്രേഷൻ സർട്ടിഫിക്കേഷന്റെ കാലാവധി തീയതി ഉൾപ്പെടെ പൊതുജനങ്ങൾക്ക് കാണാവുന്ന വിധത്തിൽ പ്രദർശിപ്പിക്കണം.
അബാൻ ജംഗ്ഷനിലെ ബസ് സ്റ്റോപ്പിന് സമീപമുള്ള അനധികൃത വാഹന പാർക്കിംഗ് നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കണം. ശബരിമല തീർത്ഥാടനം തുടങ്ങിയതിനാൽ ഇടത്താവളങ്ങളിലെ സൗകര്യങ്ങൾ ഉദ്യോഗസ്ഥർ പരിശോധിക്കണം. ഏതാനും മെഡിക്കൽ ഷോപ്പുകൾ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്നതിന് നടപടി സ്വീകരിക്കണം. വാട്ടർ അതോറിറ്റി ഉപേക്ഷിച്ച പൈപ്പുകൾ വലിയ അപകടങ്ങൾ ഉണ്ടാക്കുന്നതിനാൽ അവ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കും
യോഗത്തിൽ ആറൻമുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി. റ്റോജി അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ, എൽ.ആർ. ഡെപ്യൂട്ടി കളക്ടർ ബി. ജ്യോതി, കോഴഞ്ചേരി താലൂക്ക് തഹസിൽദാർ ജി.മോഹനകുമാരൻ നായർ, വിവിധ രാഷ്ട്രീയ പ്രതിനിധികളായ ജെറി മാത്യു സാം, ബിജു മുസ്തഫ, മാത്യു മരോട്ടിമൂട്ടിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.