മല്ലപ്പള്ളി:പടുതോട് എഴുമറ്റൂർ ബസ്റ്റോ റോഡ്,ആനിക്കാട് - പുല്ലുകുത്തി എന്നീ റോഡുകൾ സഞ്ചാരയോഗ്യമാക്കുന്നതിന് ഉദ്യോഗസ്ഥത തലത്തിൽ നടപടി ഉണ്ടാകണമെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ മാത്യു ടി തോമസ് എം.എൽ.എ നിർദ്ദേശം ഉന്നയിച്ചു.പുറമറ്റം പഞ്ചായത്തിലെ കല്ലുപാലത്ത് റോഡിന്റെ വശങ്ങളിൽ സംരക്ഷണവേലി നിർമ്മിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുകയാണെന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചു.തുരുത്തിക്കാട് ലിഫ്ട് ഇറിഗേഷൻ കനാൽ സ്വകാര്യവ്യക്തി കൈയേറിയ ഭാഗങ്ങൾ ഒഴിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. 25 വർഷത്തിലേറെയായി കോട്ടയത്തുനിന്ന് തുണ്ടിയംകുളം - തുരുത്തിക്കാട് -പുതുസേരി വഴി പത്തനംതിട്ടയ്ക്കും പന്തളത്തിനും സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസുകൾ റൂട്ട് മാറ്റി ഓടുന്നതിനാൽ യാത്രാ ക്ലേശം രൂക്ഷമാണെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശവാസികൾക്ക് പ്രയോജനമാകുന്ന രീതിയിൽ സർവീസ് തുടങ്ങണമെന്നും നിർദ്ദേശം ഉണ്ടായി. പാടിമൺ -ചുങ്കപ്പാറ ജേക്കബ് റോഡിൽ വായ്പൂര് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ വലിച്ചയിൽ പാലം എന്നിവിടങ്ങളിൽ ടിപ്പർ ലോറികൾ പാർക്ക് ചെയ്യുന്നതുമൂലം മറ്റു വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ദുരിതമാവുന്നതായി പരാതിയുയർന്നു. വികസന സമിതി യോഗത്തിൽ മാത്യു ടി തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.പ്രമോദ് നാരായണൻ എം.എൽ.എ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഗീതാ കുര്യാക്കോസ്,പ്രകാശ്.പി.സാം,ജിജി.പി. ഏബ്രഹാം, ശ്രീദേവി സതീഷ് ബാബു, ബിനു ജോസഫ് ,എഴുമറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജേക്കബ്.കെ.ഏബ്രഹാം പഞ്ചായത്ത് അംഗങ്ങളായ റെജി ചാക്കോ,ദേവദാസ് മണ്ണൂരാൻ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും പങ്കെടുത്തു.