റാന്നി:15 മുതൽ നടക്കുന്ന റാന്നിഅയ്യപ്പ സത്രവേദിയിൽ പ്രതിഷ്ഠിക്കുന്നതിനുള്ള വിഗ്രഹ ഘോഷയാത്ര ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് 8ന് ആരംഭിക്കും. ആലങ്ങാട്ടുപേട്ട സംഘം പെരിയോൻ എ.കെ വിജയകുമാറിന്റെ നേതൃത്വത്തിലാണ് ഘോഷയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. സത്രഭൂമിയിൽ പ്രതിഷ്ഠിക്കുന്ന ധർമ്മ പതാകയും വിഗ്രഹത്തോടൊപ്പം വഹിക്കും. 15ന് രാവിലെ 10ന് ഘോഷയാത്ര റാന്നി തോട്ടമൺ കാവ് ദേവീ ക്ഷേത്രത്തിലെത്തും.ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം മുതൽ റാന്നി വരെ 65 ഓളം ക്ഷേത്രങ്ങൾ സന്ദർശിച്ചാണ് സത്ര വേദിയിൽ എത്തുന്നത്. ആലങ്ങാട് സംഘ ആസ്ഥാനവും സന്ദർശിക്കുന്ന ഘോഷയാത്ര കാലടി ആദിശങ്കര കീർത്തി മണ്ഡപവും സന്ദർശിച്ച് ചോറ്റാനിക്കര, ഏറ്റുമാനൂർ വൈക്കം മഹാ ക്ഷേത്രങ്ങൾ വഴി 13ന് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ വിശ്രമിക്കും. 14ന് ഉച്ചയോടെ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ ഘോഷയാത്ര എത്തും. തുടർന്ന് എരുമേലിൽ ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ വിശ്രമിച്ച് 15ന് രാവിലെ സത്ര വേദിയിലേക്ക് തിരിക്കും. ഘോഷയാത്രയെ റാന്നി തോട്ടമൺ കാവ് ദേവീ ക്ഷേത്രത്തിൽ സത്രം രക്ഷാധികാരി സുരേഷ് ഗോപി സ്വീകരിക്കും. മറ്റു രക്ഷാധികാരികളായ പന്തളം കൊട്ടാരം നിർവാഹക സമിതി അദ്ധ്യക്ഷൻ പി.ജി ശശികുമാരൻ വർമ്മ,സെക്രട്ടറി പി.എൻ നാരായണ വർമ്മ,തന്ത്രി മുഖ്യർ, മുൻ മേൽശാന്തിമാർ, ദേവസ്വം ബോർഡ് ഭാരവാഹികൾ, ഗുരുസ്വാമി മാർ തുടങ്ങിയവരും സ്വീകരണ യോഗത്തിൽ പങ്കെടുക്കും.സത്ര വിളംബര വേദയിൽ മേലുകര ശ്രീ മുരുക നാരായണീയ സമിതി ഇന്നലെ നാരായണീയ യജ്ഞം നടത്തി. അന്നദാനവും നടന്നു.സത്രം ജനറൽ കൺവീനർ എസ്.അജിത് കുമാർ നെടുംപ്രയാർ, പ്രസിഡന്റ് പ്രസാദ് കുഴിക്കാലാ, ജനറൽ സെക്രട്ടറി ബിജുകുമാർ കുട്ടപ്പൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, ബിനു കരുണൻ, സാബു പി, രാധാകൃഷ്ണൻ പെരുമ്പട്ടി, മനോജ് കോഴഞ്ചേരി, വിനീത് കുമാർ, സതീഷ്, കെ.ആർ പ്രദീപ് തുടങ്ങിയവർ നാരായണീയ യജ്ഞത്തിൽ പങ്കെടുത്തു.