05-kanal-pipe1
കല്ലുപാലത്തിന് സമീപമുള്ള കനാൽ പൈപ്പ് ലൈൻ

കുളനട: കുളനട പഞ്ചായത്തിലെ ഒന്നാം വാർഡിൽ എം.സി റോഡിനേയും നിർദ്ദിഷ്ട വയറപ്പുഴ പാലത്തിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിൽ വാലുകുറ്റി കോളനിക്ക് സമീപം സ്ഥിതി ചെയ്യുന്ന കനാൽ പൈപ്പ് ലൈൻ താങ്ങി നിറുത്തിയിരുന്ന കരിങ്കൽ കെട്ട് തകർന്ന് അപകടാവസ്ഥയിലായി. കഴിഞ്ഞ ദിവസം പുലർച്ചെയാണ് കരിങ്കൽ കെട്ടിന്റെ ഒരു ഭാഗം പൂർണമായി ഇടിഞ്ഞു വീണത്. അച്ചൻകോവിലാറിലെ വയറപ്പുഴ പമ്പ് ഹൗസിൽ നിന്ന് പ്രദേശത്തെ പാടശേഖരങ്ങളിലേക്ക് ജലമെത്തിക്കുന്നതിന് കുപ്പണ്ണൂർ തോടിന് കുറുകെയാണ് പൈപ്പ് ലൈൻ സ്ഥാപിച്ചിരുന്നത്. കാലപ്പഴക്കം മൂലമാണ് കൽക്കെട്ട് ഇടിഞ്ഞു വീണതെന്നാണ് പ്രാഥമിക നിഗമനം. മാസങ്ങൾക്ക് മുൻപ് പൈപ്പ് ലൈനിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കല്ലുപാലവും ഇത്തരത്തിൽ അപകടാവസ്ഥയിലായിരുന്നു. കല്ലുപാലത്തേയും അപ്രോച്ച് റോഡുകളേയും തമ്മിൽ ബന്ധിപ്പിക്കുന്ന കരിങ്കൽ ഭിത്തി ഇടിഞ്ഞാണ് പാലം അപകടത്തിലായത്. ഇതേ തുടർന്ന് ഈ പാലത്തിലൂടെ വലിയ വാഹനങ്ങളും ഭാരം കയറ്റിയ വാഹനങ്ങളും കടന്നു പോകുന്നത് പഞ്ചായത്ത് വിലക്ക് ഏർപ്പെടുത്തിയിരുന്നു. പാലത്തിനൊപ്പം പൈപ്പ് ലൈൻ കൂടി അപകടാവസ്ഥയിലായത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി.

പുനർനിർമ്മിക്കണം

മാസങ്ങൾക്ക് മുൻപ് അപകടാവസ്ഥയിലായ കല്ലുപാലം പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എൽ.എയ്ക്ക് നിവേദനം നൽകുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തിരുന്നു. പാലത്തിന് സമീപമുള്ള പൈപ്പ് ലൈൻ തകർന്നത് പ്രദേശത്തെ പാടശേഖരങ്ങളിലെ നെൽകൃഷിയെ ദോഷകരമായി ബാധിക്കും. അധികൃതർ ഇടപെട്ട് പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.

.......................

കല്ലുപാലവും പൈപ്പ് ലൈനും സമയബന്ധിതമായി പുനർനിർമ്മിക്കുവാൻ നിസംഗത വെടിഞ്ഞ് അധികൃതർ തയാറാകണം.

ഐശ്വര്യ ജയചന്ദ്രൻ

(വാർഡ് അംഗം)