ചെങ്ങന്നൂർ: സ്വന്തം വീട്ടിൽ ശുചിമുറി നിർമ്മിക്കാൻ ബന്ധു സമ്മതിക്കുന്നില്ലെന്ന് വൃദ്ധയുടെ പരാതി. തിരുവൻവണ്ടൂർ പഞ്ചായത്ത് ആറാം വാർഡ് പ്രാവിൻക്കൂട് കുറ്റിക്കാട്ടിൽ കുഞ്ഞമ്മയാണ്(75)​ ചെങ്ങന്നൂർ പൊലീസിലും പഞ്ചായത്തിലും പരാതി നൽകിയത്. വീടിന്റെ മറ്റൊരു ഭാഗത്ത് ഭർത്താവിന്റെ സഹോദരനാണ് താമസിക്കുന്നത്. ഈയടുത്ത സമയം വീടിന്റെ അറ്റകുറ്റപ്പണികൾ പള്ളിയുടെ സഹായത്തോടെ നടപ്പാക്കി. നേരത്തെയുണ്ടായിരുന്ന ഒരു മുറികൂടി ഭർത്താവിന്റെ സഹോദരന് വിട്ടുകൊടുത്തു. എന്നാൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചശേഷം ശുചിമുറിയിൽ ക്ലോസറ്റ് വയ്ക്കാൻ വന്നപ്പോൾ ഭർതൃ സഹോദരൻ ഇതു തടയുകയുകയായിരുന്നു. കുഞ്ഞമ്മ ഇപ്പോൾ പ്രാഥമിക ആവശ്യത്തിനായി ആശ്രയിക്കുന്നത് മറ്റൊരു ബന്ധുവീടിനെയാണ്. ശുചിമുറികൂടെ സഹോദരന് നൽകണമെന്ന് കാട്ടിയാണ് പണികൾ തടഞ്ഞതെന്നും ഇതിനെ ചൊല്ലി തന്നെ ഭീഷണിപ്പെടുത്തുന്നതായും കുഞ്ഞയുടെ പരാതിയിൽ പറയുന്നു.എന്നാൽ പരാതി നൽകിയിട്ടും അധികൃതർ യാതൊരു നടപടിയും ഇതുവരെ എടുത്തിട്ടില്ലെന്നും കുഞ്ഞമ്മ ആരോപിച്ചു. കുഞ്ഞമ്മയുടെ ഭർത്താവ് ഏബ്രഹാം നാലു വർഷം മുൻപ് മരിച്ചു. ഏക മകളെ കല്ല്യാണം കഴിച്ചുവിട്ടു.പെട്ടിക്കടയാണ് കുഞ്ഞമ്മയുടെ ഏക വരുമാന മാർഗം.