 
ചെങ്ങന്നൂർ: ലോകത്ത് മറ്റൊരു തീർത്ഥാടനത്തിനും തീർത്ഥാടന കേന്ദ്രത്തിലും ശിവഗിരിയിലേതുപോലെ വിഷയാധിഷ്ഠിതമായ ചർച്ച നടക്കുന്നില്ലെന്ന് കെ.യു ജനീഷ് കുമാർ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം 74ാം-ാം വല്ലന ശാഖയുടെയും ഇലവുംതിട്ട മൂലൂർ സ്മാരകത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ശിവഗിരി തീർത്ഥാടന നവതി ആഘോഷവും പി.കെ കേശവൻ അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എസ്.എൻ.ഡി.പി യോഗം വല്ലന ശാഖാ വൈസ് പ്രസിഡന്റ് അരുൺ കെ.ബി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ആദ്യ ശിവഗിരി തീർത്ഥാടന പദയാത്രയിലെ അംഗമായിരുന്ന പി.കെ കേശവന്റെ ചെറുമകൻ എൻ.രാജേഷ് ഐ.പി.എസിനെ കെ.യു ജനീഷ് കുമാർ എം.എൽ.എ ആദരിച്ചു. മൂലൂർ സ്മാരക സമിതി സെക്രട്ടറി പ്രൊഫ. ഡി.പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. മൂലൂർ സ്മാരക സമിതി സെക്രട്ടറിയും മുൻ എം.എൽ.എ യുമായ കെ.സി.രാജഗോപാൽ, ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ അനിൽ ആമ്പാടി എന്നിവർ സന്ദേശം നൽകി. മൂലൂർ സ്മാരക സമിതി രക്ഷാധികാരിയും ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ആർ.അജയകുമാർ, മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ, പന്തളം ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോദ്, ചെങ്ങന്നൂർ യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ, പന്തളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലീനാ കമൽ, ആറന്മുളപഞ്ചായത്ത് അംഗം ബിജു വർണ്ണശാല, മൂലൂർ സ്മാരക മാനേജിംഗ് കമ്മിറ്റി ജനറൽ കൺവീനർ പി.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. വല്ലന ശാഖാ സെക്രട്ടറി സുരേഷ് മംഗലത്തിൽ സ്വാഗതവും ആറന്മുള പഞ്ചായത്തംഗവും ശാഖാ മാനേജിംഗ് കമ്മറ്റി അംഗവുമായ ശരൺ പി.ശശിധരൻ നന്ദിയും പറഞ്ഞു.