തിരുവല്ല: ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ പതിമൂന്നോളം സ്പെഷ്യൽ സ്കൂളുകളിലെ കുട്ടികളെയും രക്ഷിതാക്കളെയും അദ്ധ്യാപകരെയും പങ്കെടുപ്പിച്ച് "ഒപ്പം 2022" സ്നേഹസംഗമം നാളെ തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രൽ ഹാളിൽ നടക്കും. രാവിലെ 9.30ന് കുരിശുകവലയിൽ തോമസ് മാർ കുറിലോസ് മെത്രാപോലീത്തയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഘോഷയാത്ര ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ ഫ്ളാഗ് ഓഫ് ചെയ്യും. സ്നേഹ സംഗമം മാത്യു ടി. തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വർഗീസ് ഭദ്രദീപം തെളിക്കും. സബ് കളക്ടർ ശ്വേതാ നാഗർകോട്ടി കലാമേള ഉദ്ഘാടനം ചെയ്യും. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും കുട്ടികളുടെ കരവിരുതിൽ നിർമ്മിക്കപ്പെട്ട ശിൽപ്പങ്ങളുടെയും കരകൗശല വസ്തുക്കളുടെയും പ്രദർശനവും, വിപണനവും ഉണ്ടായിരിക്കും. തുടർന്ന് കലാവിരുന്ന്. 2ന് സമാപന സമ്മേളനവും സമ്മാനദാനവും നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ ഗീവർഗീസ് മാർ കൂറിലോസ്, കൺവീനർമാരായ എം.സലിം, ഡോ.സജി കുര്യൻ എന്നിവർ അറിയിച്ചു.