തിരുവല്ല: ഉത്രാടം തിരുനാൾ നീരേറ്റുപുറം പമ്പാ ജലോത്സവത്തിൽ അമിച്ചകരി ബോട്ട് ക്ലബിന്റെ ഗബ്രിയേൽ ചുണ്ടൻ ഒന്നാംസ്ഥാനംനേടി. വാശിയേറിയ ജലമേളയിൽ എം.സി.ഡി.സി.കുമരകത്തിന്റെ നടുവിലേപറമ്പ് ചുണ്ടനെ പിന്നിലാക്കിയാണ് ഗബ്രിയേൽ ഒന്നാമതെത്തിയത്. 950 മീറ്റർ നീളത്തിലുള്ള രണ്ട് ട്രാക്കുകളിൽ നാല് ചുണ്ടൻ വള്ളങ്ങൾ തമ്മിലാണ് മത്സരങ്ങൾ നടന്നത്. വെപ്പ് എ ഗ്രേഡ് - ഷോട്ട് പുളിക്കത്തറ, വെപ്പ് ബി ഗ്രേഡ് - ഏബ്രഹാം മൂന്നുതൈയ്ക്കൻ, ഇരുട്ടുകുത്തി എ ഗ്രേഡ് - മൂന്നുതൈയ്ക്കൻ, ഇരുട്ടുകുത്തി ബി ഗ്രേഡ് - സെന്റ്.ജോസഫ് എന്നിവരാണ് മത്സരത്തിലെ മറ്റു ജേതാക്കൾ. 17 വള്ളങ്ങളാണ് മത്സരത്തിൽ മാറ്റുരച്ചത്. ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ജലമേള ഉദ്ഘാടനം ചെയ്തു. ജലമേള വർക്കിംഗ് പ്രസിഡന്റ് വിക്ടർ ടി.തോമസ് അദ്ധ്യക്ഷത വഹിച്ചു. ജലഘോഷയാത്രയ്ക്ക് ആന്റോ ആന്റണി എം.പി.സല്യൂട്ട് സ്വീകരിച്ചു. ഹൈക്കോടതി ജഡ്ജി ബെച്ചു കുര്യൻ തോമസ് സമ്മാനദാനം നിർവഹിച്ചു. സബ് കളക്ടർ ശ്വേതാ നാഗർകോട്ടി, എയർപോർട്ട് അതോറിട്ടി ചീഫ് സെക്യൂരിറ്റി ഓഫീസർ സുശീൽ ശർമ്മ, നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി, തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, എ.വി.കുര്യൻ ആറ്റുമാലി, വി.ആർ. രാജേഷ് കുറ്റൂർ, ഗ്രേസി അലക്‌സാണ്ടർ, അനിൽ സി. ഉഷസ്, ആർ. ഗോപകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.