 
കോന്നി : ഇക്കോ ടൂറിസം സെന്ററിൽ എത്തുന്ന സന്ദർശകർ ഏറെ ഇഷ്ടപ്പെടുന്നയിടമാണ് അശോകവനം. ടൂറിസം സെന്ററിന്റെ നവീകരണത്തിന്റെ ഭാഗമായാണ് ആനക്കൂടിനോട് ചേർന്ന് അശോകവനം ഒരുക്കിയത്. കൂട്ടായ്മകൾക്കും ഒത്തുചേരലുകൾക്കും പറ്റും വിധമാണ് ഇവിടെ ക്രമീകരണം. 25ൽ അധികം മരങ്ങളാണ് ഇവിടെയുള്ളത്. ആനക്കൂടിന്റെ വിവിധ ഭാഗങ്ങളിലായി നൂറിലധികം അശോകവൃക്ഷങ്ങളുമുണ്ട്. 15 വർഷമായ മരങ്ങളാണ് ഇവയെല്ലാം. നട്ടുച്ചയ്ക്കും അശോകവനത്തിൽ തണുപ്പാണ്. ഇക്കോ ടൂറിസം സെന്ററിലെത്തുന്ന സന്ദർശകർ അശോകവനത്തിലും ഇരുന്ന ശേഷമാണ് ഇവിടെ നിന്ന് മടങ്ങുന്നത്. സന്ദർശകർക്കായി ബഞ്ചുകളും സ്ഥാപിച്ചിട്ടുണ്ട്. പൂവുകളടക്കം ഔഷധഗുണമുള്ള മരമാണ് അശോകം. മനോഹരമായ ഇലകളും സുഗന്ധപൂരിതമായ പുഷ്പങ്ങളും കൊണ്ട് അശോകം ആരുടേയും മനം കുളിർപ്പിക്കും. അതിനാലാവാം ശോകം അകറ്റുന്ന വൃക്ഷം അതായത് അശോകം എന്ന നാമം ഈ വൃക്ഷത്തിന് ലഭിച്ചത്.
പക്ഷിമൃഗാദികളും മനുഷ്യരിലും പ്രേമം വിതയ്ക്കുന്ന കാമദേവൻ അശോകാവൃക്ഷത്തിൽ ഉണ്ടാവുന്ന പുഷ്പത്തിന്റെ സുഗന്ധവും ഭംഗിയും കൊണ്ടാവാം തന്റെ ശരത്തിലെ അഞ്ചു പുഷ്പങ്ങളിൽ ഒന്ന് അശോകപുഷ്പമാക്കിയത്. രാമായണത്തിൽ രാവണൻ തട്ടി കൊണ്ടുപോയ സീതാദേവി ലങ്കയിൽ വസിച്ചതും അശോകവനത്തിലാണ്. ഫെബ്രുവരി മുതൽ ഏപ്രിൽ വരെയാണ് അശോക വൃക്ഷം പൂത്തുലയുന്നത്. സ്ത്രീകളുടെ പാദസ്പർശമേറ്റാൽ അശോകം പുഷ്പ്പിക്കും എന്നൊരു വിശ്വാസം കൂടിയുണ്ട്. പദ്മപുരാണത്തിലും മത്സ്യപുരാണത്തിലും ശോകമകറ്റി സന്തോഷം പ്രധാനം ചെയ്യുന്ന വൃക്ഷമായി അശോകത്തെ പരാമർശിക്കുന്നു.