മല്ലപ്പള്ളി :വെണ്ണിക്കുളം ജംഗ്ഷനിലെ ട്രാഫിക്ക് സിഗ്നൽ ലൈറ്റ് വീണ്ടും മിഴിയടച്ചു. ഒരു വർഷത്തിനു മുകളിൽ പ്രവർത്തനരഹിതമായിരുന്ന സിഗ്നൽ ലൈറ്റിന്റെ അറ്റകുറ്റപ്പണികൾ കഴിഞ്ഞ ഫെബ്രുവരിയിലാണ് നടത്തിയത്. അടുത്തിടെയായി ലൈറ്റുകളിൽ പലതും തെറ്റായി പ്രവർത്തിച്ചിരുന്നെങ്കിലും ഇപ്പോൾ പൂർണ്ണമായി പ്രവർത്തനം നിലച്ചു. പുറമറ്റം പഞ്ചായത്ത് 2020 - 21 വർഷത്തെ പദ്ധതിയിൽ 1.5 ലക്ഷം രൂപ ഉൾപ്പെടുത്തിയാണ് അറ്റകുറ്റപണികൾ പൂർത്തീകരിച്ചത്. കെൽട്രോണിന്റെ നേതൃത്വത്തിലാണ് പുനരുദ്ധാരണം നടത്തിയത്.ലൈറ്റും സൗരോർജ പാനലുകളും ഉറപ്പിച്ചിരുന്ന പൈപ്പുകളും പെയിന്റിംഗ് നടത്തി മോടി പിടിപ്പിച്ചിരുന്നെങ്കിലും ഇന്ന് ഇത് ഫുട്ബാൾ പ്രേമികളുടെ കൊടി തോരണങ്ങൾ കെട്ടുന്ന ആവശ്യത്തിന് മാത്രം പ്രയോജനം ചെയ്യുന്നതായി മാറി. നാലും കൂടുന്ന കവലയിൽ ഗതാഗത നിയന്ത്രണ സംവിധാനം നിലച്ചതോടെ വാഹനങ്ങളുടെ അപകട സാദ്ധ്യതയും വർദ്ധിച്ചു. റോഡിന്റെ വശങ്ങളിലെ വാഹനങ്ങളുടെ അനധികൃത പാർക്കിംഗും വർദ്ധിച്ചിട്ടുണ്ട്. സിഗ്നലുകൾ പ്രവർത്തന രഹിതമാക്കുന്നതിനോ ഹോംഗാർഡിന്റെ സേവനം ലഭ്യമാക്കുന്നതിനോ ആവശ്യമായ നിയമനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.