മല്ലപ്പള്ളി : കോമളത്ത് പാലത്തിന്റെ നിർമ്മാണം ആരംഭിക്കണമെങ്കിൽ ഹൈക്കോടതിയിൽ നിലവിലുള്ള കേസ് തീർപ്പാക്കണമെന്ന മാത്യു ടി. തോമസ് എം.എൽ.എയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി പറഞ്ഞു.
പ്രളയത്തിൽ അപ്രോച്ച് റോഡ് നഷ്ടപ്പെട്ട് ഗതാഗതം മുടങ്ങി ദുരിതമനുഭവിക്കുന്നവർക്ക് താത്കാലിക പാലം നിർമ്മിക്കണമെന്നതാണ് കോമളം ജനകീയ വേദി ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന ഹർജിയിലെ ആവശ്യം. അതും പുതിയ പാലം നിർമ്മാണവുമായി യാതൊരു ബന്ധവുമില്ല.
നിലവിൽ ഉണ്ടായിരുന്ന പാലം തകർന്നിടങ്ങളിലൊക്കെ താത്കാലിക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. മല്ലപ്പള്ളി തഹസീദാർ അടക്കം നൽകിയ റിപ്പോർട്ടുകളിൽ താത്കാലിക പാലം വേണമെന്നാണ് ശുപാർശ ചെയ്തിരുന്നത്. താത്കാലിക പാലത്തിനുള്ള നടപടികൾ പൂർത്തിയായെന്ന് പി.ഡബ്ല്യു.ഡി. ചീഫ് എൻജിനീയർ രേഖാ മൂലം ആക്ഷൻ കൗൺസിലിന് മറുപടി നൽകുകയും ചെയ്തിരുന്നു.
നിലവിലുണ്ടായിരുന്ന പാലത്തിന് അല്പം മാറി നേരത്തെയുണ്ടായിരുന്ന കടത്തുകടവിൽ താത്കാലിക പാലം നിർമ്മിക്കണമെന്നാ യിരുന്നു തഹസിൽദാരുടെ ശുപാർശ. അവിടെ ഇരുകരകളിലും അപ്രോച്ച് റോഡ് ഉൾപ്പെടെ ഇപ്പോഴുമുള്ളതിനാൽ ഒരു തുണ്ട് ഭൂമി പോലും ഏറ്റെടുക്കേണ്ടതുമില്ല.എന്നാൽ എം.എൽ.എയുടെ പിടിവാശി കാരണം ഇതെല്ലാം അട്ടിമറിച്ച് താത്കാലിക പാലം നിർമ്മാണത്തിനുള്ള നീക്കം തടസപ്പെടുത്തുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.