ചെങ്ങന്നൂർ: റോഡിൽ വൈദ്യുതി കമ്പി പൊട്ടിവീണെങ്കിലും പത്രവിതരണ ഏജന്റിന്റെ അവസരോജിതമായ ഇടപെടൽ മൂലം വൻ അപകടം ഒഴിവായി. പാണ്ടനാട് - പരുമല റോഡിൽ മിത്ര മഠത്തിനു സമീപം കൈയ്യാറ്റുപള്ളിൽ പടിക്കലാണ് ഇന്നലെ പുലർച്ചെവൈദ്യുതി ലൈൻ പൊട്ടിവീണത്. പുലർച്ചെ ഇതുവഴി പോയ അജ്ഞാത വാഹനം തട്ടിയാണ് റോഡിന് കുറുകെ വലിച്ചിരുന്ന വൈദ്യുതി ലൈൻ പൊട്ടിയത്. തുടർന്ന് റോഡിലൂടെ എത്തിയ ഓട്ടോറിക്ഷ ഡ്രൈവർ കമ്പിയിൽ വൈദ്യുതി പ്രവഹിക്കുന്നുണ്ടെന്നറിയാതെ എടുത്തു മാറ്റുവാൻ ശ്രമിച്ചെങ്കിലും ഷോക്കടിച്ചതിനെ തുടർന്ന് പിന്മാറി. ഇയാൾക്ക് നിസാര പരിക്കേറ്റു. ഈ സമയം പത്തനംതിട്ടയിൽ നിന്നും ഇതുവഴി പാലുമായെത്തിയ വാഹനത്തിലെ ജീവനക്കാർ പത്ര ഏജന്റായ സിലു വർഗീസിനെ വിവരം അറിക്കുകയും സിലു ഉടൻ തന്നെ കെ.എസ്.ഇ.ബി അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. പുലർച്ചെ നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നു പോകുന്ന വഴിയാണിത്. അതിരാവിലെ ആയതിനാൽ കമ്പി പൊട്ടിവീണത് കാണുന്നതിനും ആളുകൾക്ക് കഴിയുമായിരുന്നില്ല. തുടർന്ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കമ്പികൾ കൂട്ടിയോജിപ്പിച്ച് വൈദ്യുതി വിതരണം പുന: സ്ഥാപിച്ചു.