മല്ലപ്പള്ളി :കോമളം പാലം പണി ആരംഭിക്കുന്നതിന് ഹൈക്കോടതിയിലുള്ള കേസ് തീരണമെന്ന മാത്യു.ടി.തോമസ് എം.എൽ.എയുടെ പ്രസ്താവന കടുത്ത ജനവഞ്ചനയാണെന്ന് ആരോപിച്ച് കോമളം ജനകീയവേദിയുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പുതിയ പാലം പണിയുമായി ബന്ധപ്പെട്ട് ഒരു കോടതിയിലും നിലവിൽ കേസുകളില്ല. കോമളത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് താല്ക്കാലിക സംവിധാനം ഒരുക്കണമെന്ന പരാതിയിൽ ബന്ധപ്പെട്ട റവന്യു അധികാരികൾക്കാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. ഇതിനു നല്കിയ മറുപടിയിൽ മല്ലപ്പള്ളി തഹസിൽദാർ പഴയ കടത്തുകടവിൽ പാലം പണിയണമെന്നാണ് റിപ്പോർട്ട് നൽകിയത്. ഇരുകരകളിലും പി.ഡബ്ല്യു.ഡി റോഡായതിനാൽ സ്ഥലം ഏറ്റെടുപ്പിന്റെ ആവശ്യവുമില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ സെപ്തംബർ 17ന് കളക്ടറേറ്റിൽ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ റിപ്പോർട്ട് പരിഗണിക്കാതിരുന്നത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കണമെന്നും ജനകീയവേദി ആവശ്യപ്പെട്ടു. കഴിഞ്ഞ 14 മാസമായി ജനങ്ങളുടെ ദുരിതം അകറ്റാൻ ചെറുവിരലനക്കാത്തവർ തങ്ങളുടെ കഴിവുകേടിനെ മറച്ചു വയ്ക്കാനാണ് പുതിയ വാദവുമായി എത്തുന്നത്. എസ്റ്റിമേറ്റു തുകയേക്കാൾ കൂടിയ തുകയ്ക്ക് കരാർ സമർപ്പിച്ച ടെൻണ്ടറിന് അനുമതി ലഭിച്ചിട്ടുണ്ടോ എന്നും എം.എൽ.എ വ്യക്തമാകണം. എം.എൽ.എ.യുടെ ജനവഞ്ചന ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞെന്നും ജനകീയവേദി അഭിപ്രായപ്പെട്ടു. പ്രതിഷേധ യോഗം മുഖ്യ രക്ഷാധികാരി ഫാ.അനൂപ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.
ജനകീയവേദി പ്രസിഡന്റ് മോൻസൺ കുരുവിള അദ്ധ്യക്ഷത വഹിച്ചു.വി.എം.ജി പണിക്കർ, ശ്രീകുമാർ പി.ആർ, ടി.കെ ഉണ്ണികൃഷ്ണൻ, സാബു കൊചേരിൽ, ഒ.എം.മാത്യു, രാജേഷ് സുരഭി. മനീഷ് കുമാർ, അജിത് കെ.കെ., അജീഷ് വടശേരിൽ തുടങ്ങിയവർ പങ്കെടുത്തു.