കോന്നി : ബന്ധുക്കൾ ഉപേക്ഷിച്ച വൃദ്ധയുടെ മൃതദേഹം സംസ്‍കരിക്കാൻ സ്വന്തം ഭൂമി വിട്ടുനൽകി സി.പി.ഐ ജില്ലാ കൗൺസിൽ അംഗം വിജയവിൽസൺ മാതൃകയായി. ഐരവൺ ആമ്പല്ലൂർ കുഴിയിൽ ശാരദ(90)യുടെ മൃതദേഹം സംസ്കരിക്കാനാണ് പൗർണ്ണമി വീട്ടിൽ വിജയ വിൽസൺ സ്വന്തം ഭൂമി വിട്ടുനൽകിയത്. സംസ്കരിക്കാൻ ശാരദയുടെ ബന്ധുക്കൾ തയ്യാറാകാതെ വന്നതോടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് സി.പി.ഐ കോന്നി മണ്ഡലം കമ്മിറ്റിയും ഐരവൺ ലോക്കൽ കമ്മിറ്റിയും ചേർന്ന് നടത്തിയ ചർച്ചയിൽ വിജയ വിൽസൺ ഭൂമി വിട്ടു നൽകാൻ തയ്യാറായി മുന്നോട്ടുവരുകയായിരുന്നു .ശാരദയുടെ മകൾ ഇന്ദിരയെ ഇരുപത് വർഷങ്ങൾക്ക് മുൻപ് ഐരവൺ ആമ്പല്ലൂർ വീട്ടിൽ സുധാകരൻ തിരുവനന്തപുരത്ത് നിന്ന് വിവാഹം കഴിച്ച് ഐരവണിൽ കൊണ്ടുവന്നതാണ്. ഇതിന് ശേഷമാണ് ശാരദ ഇവിടെ എത്തുന്നത്. സുധാകരന്റെ മരണ ശേഷം കുടുംബപ്രശ്നങ്ങളുണ്ടായതോടെയാണ് ശാരദ ഒറ്റപ്പെട്ടത്. പിന്നീട് സി.പി.ഐയുടെ സംരക്ഷണയിലാണ് ഇവർ കഴിഞ്ഞിരുന്നത്. സി.പി.ഐ കോന്നി മണ്ഡലം കമ്മിറ്റിയുടെയും ഐരവൺ ലോക്കൽ കമ്മിറ്റിയുടെയും നേതൃത്വത്തിലായിരുന്നു സംസ്കാരം. സംസ്ഥാന കൗൺസിൽ അംഗം പി.ആർ.ഗോപിനാഥൻ, കോന്നി മണ്ഡലം സെക്രട്ടറി കെ. രാജേഷ്, അരുവാപ്പുലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ, ബിനോയ്‌ ജോൺ, മധു, തുളസിധരൻ, ശങ്കരൻകുട്ടി, ബൾകീസ ഷാഹുൽ, പുഷ്പകുമാർ, രജനീഷ്, ഹംസ തുടങ്ങിയവർ നേതൃത്വം നൽകി.