പത്തനംതിട്ട : പത്തനംതിട്ട ജനറൽ ആശുപത്രി ലാബിലെ ടോയ്ലറ്റ് ഉപയോഗിക്കാൻ രോഗികളെ ജീവനക്കാർ അനുവദിക്കുന്നില്ലെന്ന് പരാതി. പരിശോധനയ്ക്കായി മൂത്രം ശേഖരിക്കാൻ ഏഴുപത് മീറ്രർ ആകലെയുള്ള കാഷ്വാലിറ്റിയിലെ ടോയ്ലറ്റാണ് ഇപ്പോൾ രോഗികൾ ഉപയോഗിക്കുന്നത്. അവശരായ രോഗികളാണ് ഇതുമൂലം ഏറെ വലയുന്നത്. ലാബിൽ നിന്ന് മൂത്രം ശേഖരിക്കാനുള്ള കുപ്പി വാങ്ങി കാഷ്വാലിറ്റിയിലെത്തുമ്പോൾ ലാബിലെ ടോയ്ലറ്റ് ഉപയോഗിച്ചുകൂടെയെന്നാണ് അവിടെയുള്ള ജീവനക്കാരുടെ ചോദ്യം.

ആദ്യം ഡോക്ടർ എഴുതി നൽകുന്ന ചീട്ടുമായി ലാബിലെത്തണം. ലാബിൽ നിന്ന് പരിശോധിക്കാനുള്ള തുക അറിഞ്ഞശേഷം ഒ.പി ടിക്കറ്റ് എടുക്കുന്നയിടത്ത് പണമടച്ച് രസീതുമായി തിരികെ ലാബിലെത്തുമ്പോഴാണ് മൂത്രം ശേഖരിക്കാനുള്ള കുപ്പി ലഭിക്കുന്നത്. ഇതുമായി കാഷ്വാലിറ്റിയിലെ ടോയ്ലറ്റിലെത്തി മൂത്രം ശേഖരിച്ച് വീണ്ടും ലാബിലെത്തണം. സഹായത്തിനാരുമില്ലെങ്കിൽ അപ്പോഴേക്കും രോഗി തളർന്നിട്ടുണ്ടാകും.

അടിവയറ്റിൽ വേദനയായതിനാൽ ഇന്നലെ രാവിലെ ആശുപത്രിയിലെത്തിയതാണ് ഷമീല എന്ന രോഗി. നടക്കാൻ വയ്യാതിരുന്നിട്ടും വീൽചെയർ ലഭിച്ചില്ല. ഒ.പി കൗണ്ടറിലും ലാബിലും കാഷ്വാലിറ്റിയിലുമായി പലതവണ നടന്ന് ഷമീല തളർന്നു. നിരവധി പേർ ഇതേ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ലാബിലെ ടോയ്ലറ്റ് ഉപയോഗിക്കുന്നില്ലെന്നാണ് അവിടെയുള്ള ജീവനക്കാർ പറയുന്നത്. പരിഹാരം കാണണമെന്നാണ് രോഗികളുടെ ആവശ്യം.