പത്തനംതിട്ട: ശബരിമല വിഷയത്തിൽ സി.പി.എമ്മിന്റെ അടിത്തറ തകർത്ത അയ്യപ്പ വിശ്വാസികളോട് മുഖ്യമന്ത്രി പിണറായി വിജയൻ പക വീട്ടുകയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി പറഞ്ഞു. ശബരിമല തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും വീഴ്ചവരുത്തുന്നതിൽ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദി നടത്തിയ കളക്ടറേറ്റ് മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ ഒരു സേവന പ്രവർത്തനവും നടത്താൻ അനുവദിക്കാതെ ഭക്ത സംഘടനകളെ സർക്കാരും ദേവസ്വം ബോർഡും അകറ്റി നിറുത്തുകയാണ്. പുല്ലുമേട്, ഹിൽടോപ്പ് ദുരന്തം പോലെ ശബരിമലയിൽ വീണ്ടുമൊരു ദുരന്തമുണ്ടാകാൻ സർക്കാർ കാത്തിരിക്കുകയാണ്. കൊവിഡിന് ശേഷം ഭക്തജന തിരക്കുണ്ടാകുമെന്ന് അറിയാമായിരുന്നിട്ടും സർക്കാരും ബോർഡും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഒന്നും ചെയ്യുന്നില്ല. എല്ലാ തീർത്ഥാടനകാലത്തിനും മുന്നോടിയായി നടത്താറുള്ള അവലോകന യോഗം മുഖ്യമന്ത്രി നടത്തിയില്ല. അവിശ്വാസികളായ സർക്കാരും മുഖ്യമന്ത്രിയും ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നു. പിണറായി പിണിയാളുകളെ ഉപയോഗിച്ച് ഭക്തരുടെ വിശ്വാസ സ്വാതന്ത്ര്യം ഹനിക്കുകയാണെന്ന് തില്ലങ്കേരി പറഞ്ഞു.
കളക്ടറേറ്റ് മാർച്ച് ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ കുമാർ ഉദ്ഘാടനം ചെയ്തു. ഹിന്ദുഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ് ബിജു, വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ രാജശേഖരൻ, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന അദ്ധ്യക്ഷൻ എം. മോഹനൻ, വൈസ് പ്രസിഡന്റ് മല്ലപ്പള്ളി കൃഷ്ണൻനമ്പൂതിരി, അയ്യപ്പസേവാ സമാജം ദേശീയ സംഘടനാ സെക്രട്ടറി വി. കെ വിശ്വനാഥൻ, സംസ്ഥാന ജനറൽ സെക്രട്ടറി അമ്പോറ്റി കോഴഞ്ചേരി ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.