അടൂർ : നിയോജക മണ്ഡലത്തിലെ വലിയതോട് ,പള്ളിക്കലാറിന്റെ പുനർജ്ജീവനവുമായി ബന്ധപ്പെട്ട് 8 കോടി രൂപയുടെ സമഗ്രപദ്ധതിയ്ക്ക് സാങ്കേതിക അനുമതി പൂർത്തീകരിച്ചതോടെ കരാർ നടപടികളിലേക്ക് കടന്നതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. അടൂർ മുനിസിപ്പാലി​റ്റിക്ക് പുറമേ ഏഴംകുളം, ഏറത്ത്, പള്ളിക്കൽ, കടമ്പനാട് എന്നീ നാല് പഞ്ചായത്തുകളിലുള്ള വലിയതോടിന്റെ വികസനമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അടൂർ മുനിസിപ്പാലി​റ്റി പരിധിയിലുള്ള പള്ളിക്കൽ ആറിന്റെ എക്കലും ഇതര മാലിന്യങ്ങളും നീക്കം ചെയ്യുക, ആവശ്യമായിടത്ത് കടവുകൾ നിർമ്മിക്കുക, സംരക്ഷണഭിത്തി നിർമ്മിക്കുക, തടയണയുടെ നിർമ്മാണം, പള്ളിക്കൽ ആറിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയാൻ നെ​റ്റിംഗ് സംവിധാനം, ശുചിത്വാവബോധം സംബന്ധിച്ച് അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുക, ടൗൺ ഭാഗത്ത് തോടിന്റെ വശങ്ങളിലായി ഇന്റർ ലോക്ക് പാകൽ, നിരീക്ഷണ കാമറകൾ സ്ഥാപിക്കൽ അടക്കമുള്ള സമഗ്ര പുനരുജ്ജീവന പ്രവൃത്തികളാണ് ഈ പദ്ധതിയിലൂടെ സാദ്ധ്യമാകുന്നത്. പള്ളിക്കൽ ആറിന്റെ വികസനം സംബന്ധിച്ച് മണ്ഡലത്തിലെ നാളിതുവരെ അനുവദിച്ച ചെറുപദ്ധതികളിൽ നിന്നും വ്യത്യസ്തമായി ഈ സർക്കാർ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് 8 കോടി രൂപയുടെ വിപുല പദ്ധതിക്ക് അംഗീകാരം നൽകിയത്. 2023 ജനുവരി 6ന് ടെൻഡർ ഓപ്പൺ ചെയ്യുന്നതോടെയുള്ള തുടർ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചു.