mala

ശബരിമല : തിരുവനന്തപുരം അഗസ്ത്യാർകൂടം പർവത പ്രദേശങ്ങളിലെ കാടുകളിൽ വസിക്കുന്ന ഗോത്ര വിഭാഗമായ കാണി സമുദായക്കാർ പതിവ് തെ​റ്റിക്കാതെ അയ്യനെ തൊഴാനെത്തി. വർഷത്തിലൊരിക്കൽ അയ്യപ്പസ്വാമിയെ കാണാൻ വേണ്ടി മാത്രമാണ് ഇവരിൽ പലരും കാടിറങ്ങുന്നത്. 20 അംഗ സംഘമാണ് സന്നിധാനത്ത് ദർശനം നടത്തിയത്. പൂർവ്വാചാര പ്രകാരം മുളംകു​റ്റിയിൽ നിറച്ച കാട്ടുചെറുതേൻ, കാട്ടിൽ വിളഞ്ഞ കദളിക്കുല, കരിമ്പ്, കാട്ടുകുന്തിരിക്കം, മുളയിലും ചൂരലിലും ഈ​റ്റയിലും വ്രതശുദ്ധിയോടെ നെയ്‌തെടുത്ത പൂക്കൂടകൾ, പെട്ടികൾ തുടങ്ങിയവ നിറമനസ്സോടെ അയ്യന് സമർപ്പിച്ചു. കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്ര ട്രസ്​റ്റി ആർ.വിനോദ്കുമാറാണ് സംഘത്തെ നയിച്ചത്. കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട സംഘം കൊട്ടാരക്കര ഗണപതി ക്ഷേത്രം, പന്തളം കൊട്ടാരം എന്നിവിടങ്ങളിൽ ദർശനം നടത്തിയശേഷമാണ് മല ചവിട്ടിയത്.