take
ടേക്ക് എ ബ്രേക്ക് പദ്ധതിപ്രകാരം കെ. എസ്. ആർ. ടി. സി സ്റ്റാന്റിൽ നിർമ്മിച്ച ശൗചാലയം

അടൂർ: അടൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നഗരസഭയുടെ നേതൃത്വത്തിൽ ടേക് എ ബ്രേക്ക് പദ്ധതി പ്രകാരം നിർമ്മിച്ച ടോയ്ലറ്റും വിശ്രമമുറിയും 10ന് തുറക്കും. സ്റ്റാൻഡിലെത്തുന്നവർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ സൗകര്യമില്ലെന്ന പരാതിക്ക് ഇതോടെ പരിഹാരമാകും. നേരത്തെ ഇവിടെയുണ്ടായിരുന്ന ടോയ്ലറ്റ് ഒരു വർഷം മുമ്പാണ് പൊളിച്ചത്. ഇതിനെ തുടർന്നാണ് 50 ലക്ഷം രൂപ ചെലവിൽ അത്യാധുനിക രീതിയിലുള്ള ടോയ്ലറ്റും വിശ്രമമുറിയും നിർമ്മിച്ചത്. രണ്ടു നിലകളുള്ള കെട്ടിടത്തിന്റെ മുകൾ നിലയിൽ പൊതുവായും താഴത്തെ നിലയിൽ അംഗ പരിമിതർക്കും ടോയ് ലറ്റുമുണ്ട്. ഹാബിറ്റാറ്റാണ് കെട്ടിടം നിർമ്മിച്ചത്. വസ്ത്രം മാറാനുള്ള പ്രത്യേക മുറിയും അമ്മമാർക്ക് മുലയൂട്ടാനുള്ള മുറിയും ലഘുഭക്ഷണശാലയും ക്രമീകരിച്ചിട്ടുണ്ട്. ടാങ്ക് അടിക്കടി നിറയുന്നതായിരുന്നു പഴയ ടോയ്ലറ്റിന്റെ പ്രധാന പ്രശ്നം. ഇതിന് പരിഹാരമായി നാല് ടാങ്കുകളാണ് പുതിയ കെട്ടിടത്തിന് പുറത്ത് സ്ഥാപിച്ചിട്ടുള്ളത്.

ഷീ വിശ്രമമുറി

നിലവിൽ നിർമ്മിച്ച കെട്ടിടത്തിന്റെ അടിയിലായി രാത്രി കാലങ്ങളിൽ ഡിപ്പോയിൽ എത്തുന്ന സ്ത്രീകളായ യാത്രികർക്ക് അത്യാവശ്യം തങ്ങാവുന്ന തരത്തിൽ ഷീ വിശ്രമമുറിയും തയാറാകുന്നു. ഇതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു. ഡിപ്പോയിൽ എത്തുന്നവർക്ക് നിർദ്ദിഷ്ട സ്ഥലത്തേക്ക് പോകാൻ ബസ് കിട്ടാതെ വരുന്ന സാഹചര്യമുള്ളവർക്ക് സുരക്ഷിതമായി തങ്ങുന്നതിനാണ് ഇൗ പദ്ധതി. നിലവിൽ പകൽ സമയത്ത് സ്ത്രീകൾക്ക് ഉപയോഗിക്കാൻ തക്കവണ്ണമുള്ള വിശ്രമറുമി സ്റ്റാൻഡിലുണ്ട്. പക്ഷേ ഒറ്റപ്പെട്ട സ്ഥലത്തായതിനാൽ സ്ത്രീകൾ ഇത് ഉപയോഗിക്കാറില്ല.

ചെലവ് 50 ലക്ഷം

.........................

ശബരിമല തീർത്ഥാടനകാലം കണക്കിലെടുത്താണ് കെട്ടിടം തുറന്നുകൊടുക്കാൻ വേഗത്തിൽ നടപടി സ്വീകരിച്ചത്. കെ.എസ്.ആർ.ടി.സി മാനേജ്മെന്റിന്റെ തടസവാദം മറികടന്നാണ് ടേക്ക് എ ബ്രേക്ക് പദ്ധതി യാഥാർത്ഥ്യമാക്കിയത്.പുതിയ കെട്ടിടം തറനിരപ്പിനേക്കാൾ ഉയർത്തിയാണ് നിർമ്മിച്ചിരിക്കുന്നത്. അതിനാൽ സ്റ്റാൻഡിൽ വെള്ളം കയറിയാലും ഉപയോഗിക്കുവാൻ കഴിയും.

ഡി.സജി

(നഗരസഭാ

ചെയർമാൻ)