kummanam
നാഷണൽ ഡയറി ഡവലപ്‌മെന്റ് ബോർഡ്, ആനിമൽ ഹസ്ബൻഡറി വിഭാഗം ഉദ്യോഗസ്ഥർ അമൃതധാര ഗോശാല സന്ദർശിക്കുന്നു. ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ സമീപം

പത്തനംതിട്ട: നാടൻ പശുക്കളുടെ സംരക്ഷണത്തിനായി അജയകുമാർ വല്ല്യുഴത്തിലിന്റെ നേതൃത്വത്തിൽ എഴുമറ്റൂരിൽ പ്രവർത്തിക്കുന്ന അമൃതധാര ഗോശാലയ്ക്ക് വീണ്ടും ദേശീയ അംഗീകാരം. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ഗോകുൽ മിഷൻ പദ്ധതിക്ക് കീഴിൽ ഡിപ്പാർട്ട്‌മെന്റ് ഒഫ് അനിമൽ ഹസ്ബൻട്രി ആൻഡ് ഡയറിയിംഗ് (ഡി.എ.എച്ച്.ഡി) ജനിതക ഗുണമുള്ള നാടൻ പശുക്കളുടെ വംശ വർദ്ധനവിനായി ബ്രീഡ് മൾട്ടിപ്ലിക്കേഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് ദേശീയ തലത്തിൽ ആദ്യമായി തിരഞ്ഞെടുത്തത് അമൃതധാര ഗോശാലയാണ്.

നാടൻ പശുക്കളുടെ വംശ വർദ്ധനവിന് ഡി.എ.എച്ച്.ഡി അംഗീകരിച്ച കേരളത്തിൽ നിന്നുള്ള ഏക കേന്ദ്രവും അമൃതധാര ഗോശാലയാണ്.
അമൃതധാര ഗോശാലയുടെ ഉടമയായ അജയകുമാറിന് നേരത്തേ സംസ്ഥാന സർക്കാരിന്റെ ജൈവ വൈവിദ്ധ്യ ബോർഡിന്റെ പുരസ്‌കാരവും ദേശീയ കാമധേനു അവാർഡും ലഭിച്ചിരുന്നു. കൺസൾട്ടൻസി ടീമായ ടെക്‌നോ എക്‌സ്പർട്‌സ് ആൻഡ് കൺസൾട്ടന്റ്‌സ് ഭാരത് പ്രൈവറ്റ് ലിമിഡാണ് പദ്ധതി രൂപ രേഖ തയ്യാറാക്കിയത്.
ബ്രീഡ് മൾട്ടിപ്ലിക്കേഷൻ ഫാമുകൾ (ബി.എം.എഫ്) സ്ഥാപിക്കുന്നതിലൂടെ കൃതൃമ ബീജ സങ്കലനത്തിലൂടെ ഗുണമേന്മയുള്ള പശുക്കളുടെ വംശ വർദ്ധന ഉറപ്പാക്കാൻ കഴിയും. മിതമായ നിരക്കിൽ കർഷകർക്ക് നാടൻ പശുക്കളെ ലഭ്യമാക്കാനും കഴിയും. നാടൻ പശുക്കളിൽ തന്നെ പാലുൽപ്പാദനം കൂടുതലുള്ള ഇനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനും കഴിയും. ഐ.വി.എഫ് സാങ്കേതിക വിദ്യ ഉൾപ്പെടെയുള്ളവ പശുക്കളുടെ വംശ വർദ്ധനവിനായി ഉപയോഗിക്കും.
അന്തിമ അനുമതി നൽകുന്നതിന്റെ ഭാഗമായി ഡി.എ.എച്ച്.ഡി ജോയിന്റ് കമ്മിഷണർ ഭൂഷൺ ത്യാഗി, നാഷണൽ ഡയറി ഡവലപ്‌മെന്റ് ബോർഡ് (എൻ.ഡി.ഡി.ബി) സതേൺ റീജണൽ ഹെഡ് എസ്. രാജീവ്, ഡയറി സർവീസ് ഡിജിഎം ഡോ. സി. പി. ദേവാനന്ദ്, സീനിയർ മാനേജർ റോമി ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ അമൃതധാര ഗോശാല സന്ദർശിച്ചു.
അമൃതധാര ഗോശാലയുടെ നേതൃത്വത്തിൽ ജൈവ വൈവിദ്ധ്യ പഠനത്തിനും നാടൻ പശുക്കളെ സംബന്ധിച്ച പഠനത്തിനും പരിപാലനത്തിനും പുല്ലാട് കേന്ദ്രമാക്കി നവീന ഗോശാലയുടെ നിർമ്മാണം ഉടൻ ആരംഭിക്കും.