പത്തനംതിട്ട: ബിവറേജസ് ഷോപ്പിൽ നിന്ന് മദ്യം വാങ്ങിപ്പോകുന്നവരെ എക്സൈസ് ഉദ്യോഗസ്ഥരെന്ന പേരിൽ ചിലർ തടഞ്ഞുനിറുത്തി ഭീഷണിപ്പെടുത്തുന്നതായി ആക്ഷേപം. താഴെ വെട്ടിപ്രം സ്വദേശിയായ യുവാവ് ഇതു സംബന്ധിച്ച് എക്സൈസ് വകുപ്പ് മന്ത്രിക്കും കമ്മിഷണർക്കും പരാതി നൽകി.
കഴിഞ്ഞ രണ്ടിന് രാവിലെ 10.30നും 11നും ഇടയ്ക്ക് താഴേവെട്ടിപ്രം ബിവറേജസ് ഔട്ട് ലെറ്റിൽ നിന്ന് മദ്യം വാങ്ങി മടങ്ങിയ തനിക്കുണ്ടായ ദുരനുഭവം യുവാവ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. സ്‌കൂട്ടറിൽ മദ്യവുമായി മടങ്ങിയ തന്നെ എസ്.പി ഓഫീസിന് മുൻവശം വച്ച് ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ടു പേർ തടഞ്ഞു. എക്‌സൈസ് ഉദ്യോഗസ്ഥർ ആണെന്ന് പരിചയപ്പെടുത്തിയതിന് ശേഷം വാഹനം തുറന്നും തന്റെ വസ്ത്രങ്ങൾ മാറ്റി ശരീര പരിശോധനയും നടത്തി. നിങ്ങൾ മദ്യക്കച്ചവടക്കാരനാണെന്ന് പരാതിയുണ്ടെന്ന് പറഞ്ഞായിരുന്നു പരിശോധന. നിയമ പ്രകാരം മദ്യം വാങ്ങിയതിന്റെ ബിൽ തന്റെ കൈവശമുണ്ടെന്നും അല്ലാത്ത പക്ഷം കേസെടുക്കാനും യുവാവ് ആവശ്യപ്പെട്ടു. ഇതോടെ ഉദ്യോഗസ്ഥർ എന്ന് പരിചയപ്പെടുത്തിയവർ മടങ്ങി. പൊതുജനമദ്ധ്യത്തിൽ തനിക്ക് ഈ സംഭവം മാനക്കേടുണ്ടാക്കിയെന്ന് പരാതിയിലുണ്ട്.
താഴേവെട്ടിപ്രത്തെ ഔട്ട്‌ലെറ്റിൽ ജവാൻ മദ്യം സ്‌റ്റോക്കുണ്ടെങ്കിലും നൽകാൻ മടിയാണെന്ന് യുവാവ് പറയുന്നു. ടൗണിലും പരിസരത്തുമുള്ള ചില ബേക്കറികൾക്ക് പലഹാര നിർമ്മാണത്തിനായി കുപ്പിയൊന്നിന് 50 മുതൽ 100 രൂപ വരെ അധികം ഈടാക്കി നൽകുകയാണ് അധികൃതർ ചെയ്യുന്നതെന്ന് ആക്ഷേപമുണ്ട്.