അങ്ങാടിക്കൽ തെക്ക്: കൊടുമൺ ഗ്രാമപഞ്ചായത്തിലെ ഒറ്റത്തേക്ക് കുടുംബക്ഷേമ ഉപകേന്ദ്രം കാടുകയറി നശിക്കുന്നു. ചന്ദനപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ കീഴിലാണ് കേന്ദ്രം. കൊടുമൺ ഗ്രാമപഞ്ചായത്തിലെ 5-ാം വാർഡായ ഒറ്റത്തേക്കിന്റെ പേരാണ് ഉള്ളതെങ്കിലും 6-ാം വാർഡിലാണ് പ്രവർത്തിക്കുന്നത്. മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും പ്രാഥമിക ശുശ്രൂഷ നൽകുന്ന കേന്ദ്രമാണിത്. റോഡിൽ നിന്ന് ഇരുപതിലധികം പടികൾ കയറി വേണം ഇവിടെയെത്താൻ. മുറ്റത്തുള്ള കിണർ കാടുമൂടിക്കിടക്കുകയാണ്. മാലിന്യം തള്ളാനുള്ള കേന്ദ്രമായി ഇത് മാറി.നാല് പതിറ്റാണ്ടു മുമ്പ് സ്ഥാപിച്ച കേന്ദ്രത്തിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.