
കോലം കത്തിക്കാനുള്ള ശ്രമം അദ്ധ്യാപകർ തടഞ്ഞു
അടൂർ : കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് അടൂർ അപ്ളൈഡ് സയൻസ് കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകർ വനിതാ പ്രിൻസിപ്പലിന്റെ കോലവുമായി പ്രകടനം നടത്തി. കോലം കത്തിക്കാനുള്ള ശ്രമം അദ്ധ്യാപകർ തടഞ്ഞതോടെ ഇത് കോളേജിന്റെ ഗേറ്റിൽ കെട്ടിവച്ചു. ക്ളാസുകളിൽ നിന്ന് വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും പുറത്തിറക്കി മുറി അടയ്ക്കുകയും മോഡൽ പരീക്ഷ തടസപ്പെടുത്തുകയും ചെയ്തു. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് സംഭവം. 14 സീറ്റുകളിലേക്ക് കഴിഞ്ഞ അഞ്ചിന് നടന്ന തിരഞ്ഞെടുപ്പിൽ നാല് സീറ്റുകളിൽ മാത്രമേ എസ്.എഫ്.ഐ വിജയിച്ചുള്ളു. ചെയർമാൻ സ്ഥാനത്തേക്ക് എസ്. എഫ്. ഐ നൽകിയ പത്രികകൾ തള്ളിപ്പോയിരുന്നു. യൂണിവേഴ്സിറ്റി മാനദണ്ഡങ്ങൾ പാലിക്കാതെയാണ് തിരഞ്ഞെടുപ്പ് നടത്തിയതെന്ന് ആരോപിച്ചാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് എസ്. എഫ്. ഐ ആവശ്യപ്പെട്ടത്. എന്നാൽ റിട്ടേണിംഗ് ഒാഫീസറെ നിയമിച്ച് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയതെന്നും അതിനാൽ റദ്ദാക്കാനാകില്ലെന്നും പ്രിൻസിപ്പൽ സി.ലത പറഞ്ഞതോടെയായിരുന്നു പ്രതിഷേധം. പുറത്തുനിന്ന് എസ്. എഫ്. എെ നേതാക്കളും എത്തിയിരുന്നു. ഇവർ പ്രിൻസിപ്പലിനോട് കയർത്ത് സംസാരിക്കുകയും മേശപ്പുറത്ത് അടിച്ച് ശബ്ദമുണ്ടാക്കുകയും സന്ദർശകർക്കുള്ള കസേരകൾ നിലത്തടിക്കുകയും ചെയ്തു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ഷൈജു അങ്ങാടിക്കൽ , ജില്ലാ സെക്രട്ടറി അനന്തു മധു, ജില്ലാ ജോയിന്റ് സെക്രട്ടറി അജ്മൽ സിറാജ് , ജില്ലാ കമ്മിറ്റി അംഗം ദീപു ബാലൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രിൻസിപ്പൽ വിവരം അറിയിച്ചതിനെ തുടർന്ന് അടൂർ സി.ഐ ടി.ഡി.പ്രജീഷിന്റെ നേതൃത്വത്തിൽ പൊലീസെത്തി നേതാക്കളുമായും കോളേജ് അധികൃതരുമായും ചർച്ച നടത്തി സ്ഥിതിഗതികൾ ശാന്തമാക്കുകയായിരുന്നു.