ponkala
ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് എം.സി. റോഡരികിൽ ഭക്തർ പൊങ്കാലയ്ക്കായി തയ്യാറാക്കിയ നൈവേദ്യം നേദിക്കുന്നു.

ചെങ്ങന്നൂർ: ചെങ്ങന്നൂരിലും ആയിരകണക്കിന് സ്ത്രീകൾ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ വൃശ്ചിക കാർത്തികപ്പൊങ്കാലയിട്ടു. അന്തരീക്ഷം മേഘാവൃതമായിരുന്നതിനാൽ പൊങ്കാല സമർപ്പണത്തിന് ഭക്തർക്ക് പ്രകൃതിയും അനുകൂലമായിരുന്നു. ദേവീ സ്തുതി ചൊല്ലി നൈവേദ്യം അർപ്പിച്ചു. ക്ഷേത്രത്തിലെ കെടാവിളക്കിൽ നിന്നും പൊങ്കാല അടുപ്പിലേക്ക് ജ്വലിപ്പിച്ച അഗ്‌നി നാടിന്റെ നാനാഭാഗങ്ങളിൽ സജ്ജമാക്കിയ അടുപ്പിലേക്കു പകർന്നു നൽകി. ഇത്തവണ എം.സി. റോഡിൽ മുളക്കുഴ കാരയ്ക്കാട്, ചെങ്ങന്നൂർ മാവേലിക്കര റോഡിൽ വണ്ടിമല, റെയിൽവേ സ്റ്റേഷൻ റോഡ്, പാണ്ടനാട് പുത്തൻവീട്ടിൽപ്പടി റോഡ്, മുണ്ടൻകാവ് തൃച്ചിറ്റാറ്റ്, കല്ലിശ്ശേരി ഉമയാറ്റുകാവ് റോഡ് ,പ്രയാർ റോഡ്, പ്രാവിൻ കൂട് ,മഴുക്കീർ ആറാട്ടുകടവ് എന്നിവിടങ്ങളിലാണ് പൊങ്കാല അർപ്പിച്ചത്. പൊങ്കാല സമർപ്പിക്കുവാനെത്തിയ ഭക്തർക്ക് വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ലഘുഭക്ഷണം, കുടിവെള്ളം, പഴവർഗങ്ങളും വിതരണം നടത്തി. രാവിലെ തന്നെ ഭക്തർ പൊങ്കാല സമർപ്പണത്തിന് പ്രത്യേക സ്ഥാനം പിടിച്ചിരുന്നു. ശർക്കരപായസത്തിനു പുറമേ അടയും നൈവേദ്യമായി സമർപ്പിച്ചു. പൊങ്കാല തളിക്കുന്നതിന് ആവശ്യമായ പള്ളിവാളുകളിലേക്ക് വേദ പണ്ഡിതന്മാരുടെ മുഖ്യകാർമ്മികത്വത്തിൽ ദേവിയുടെ ചൈതന്യത്തെ ആവാഹിച്ചു 50ൽ അധികം വെളിച്ചപ്പാടുകളുടെ സാന്നിദ്ധ്യത്തിൽ തിരുവായുധങ്ങൾ എഴുന്നെള്ളിച്ച് രണ്ട് മണിയോടു കൂടി ഭക്തർ തയാറാക്കിയ പൊങ്കാല നൈവേദ്യം നേദിച്ചു.