ചെങ്ങന്നൂർ: ശബരിമല തീർത്ഥാടകരോട് കെ.എസ്.ആർ.ടി.സിയുടെ ഇരട്ടക്കൊളള. സ്‌പെഷ്യൽ സർവീസിന്റെ പേരിൽ ഭക്തരിൽ നിന്നും അധിക ചാർജ് ഈടാക്കുന്നതിന് പുറമെ കൊച്ചുകുട്ടികളെ സീറ്റുകളിൽ ഇരുത്തുന്നതിന് ഫുൾ ടിക്കറ്റ് നൽകണമെന്നും നിർദ്ദേശം. ചെങ്ങന്നൂർ നിന്നും പമ്പയിലേക്കുള്ള സർവീസുകളിലാണ് ഭക്തരെ കെ.എസ്.ആർ.ടി.സി ചൂഷണം ചെയ്യുന്നത്. ചെങ്ങന്നൂരിൽ നിന്നും പമ്പയിലേക്ക് ഒരു ടിക്കറ്റിന് 180 രൂപയാണ് ഈടാക്കുന്നത്. കുട്ടികൾക്ക് ഹാഫ് ടിക്കറ്റ് നൽകുന്നതിന് പകരം ഫുൾ ടിക്കറ്റ് നൽകണമെന്നാണ് കെ.എസ്.ആർ.ടി.സി പമ്പാ എസ്.ഒ ജീവനക്കാർക്ക് വാക്കാൻ നൽകിയിരിക്കുന്ന നിർദേശം. അഞ്ച് വയസ് വരെയുള്ള കുട്ടികൾക്ക് സൗജന്യ യാത്രയും അഞ്ച് മുതൽ 12വയസ് വരെയുള്ള കുട്ടികൾക്ക് ഹാഫ് ടിക്കറ്റ് ചാർജുമാണ് സാധാരണ നിലയിൽ ഈടാക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം ആയിരക്കണക്കിന് കുട്ടികളാണ് ദിവസേന ശബരീശ ദർശനത്തിനായി എത്തുന്നത്. പുറത്തു നിന്നെത്തുന്ന തീർത്ഥാടകരിൽ നിന്നുമാണ് പ്രാധാനമായും ഫുൾടിക്കറ്റ് നിർബന്ധപൂർവം നൽകുന്നത്. നിയമവിരുദ്ധമായി ഹാഫ് ടിക്കറ്റ് പിടിച്ചേൽപ്പിക്കാത്ത കണ്ടക്ടറെ ഡ്യൂട്ടിയിൽ നിന്നും മാറ്റിനിറുത്തുന്നതായും ആക്ഷേപമുണ്ട്.

തീരുമനം സ്‌പെഷ്യൽ ഓഫീസറുടേത്

നിർദ്ദേശം നൽകിയത് കെ.എസ്.ആർ.ടി.സി പമ്പയുടെ ചുമതലയുള്ള സ്‌പെഷ്യൽ ഓഫീസർ ഷിബുവെന്ന് ജീവനക്കാർ ആരോപിക്കുന്നു. സ്‌പെഷ്യൽ ഓഫീസർ ഫുൾടിക്കറ്റ് ഈടാക്കണമെന്ന് വാക്കാലാണ് നിർദേശം നൽകിയത്. തന്റെ തീരുമാനം അംഗീകരിച്ചില്ലെങ്കിൽ സ്ഥലംമാറ്റുമെന്ന് ഭീഷണിപ്പെടുത്തിയതായും ജീവനക്കാർ പറഞ്ഞു. കുട്ടികൾക്ക് സാധാരണയുള്ള ടിക്കറ്റ് ചാർജ്ജ് ആവശ്യപ്പെടുമ്പോൾ ഭക്തർ വലിയ അമർഷത്തോടെയാണ് പണം നൽകുന്നത്.

തീർത്ഥാടകരെ ഇരട്ടക്കൊള്ളയ്ക്ക് വിധേയരാക്കുന്നു

ചെങ്ങന്നൂരിൽ നിന്നുള്ള പമ്പാ സർവീസിൽ കെ.എസ്.ആർ.ടി.സി നടത്തുന്നത് ഇരട്ടക്കൊള്ളയാണെന്ന് ശബരിമല അയ്യപ്പ സേവാസമാജം ചെങ്ങന്നൂർ താലൂക്ക് പ്രസിഡന്റ് പാണ്ടനാട് രാധാകൃഷ്ണൻ ആരോപിച്ചു. പമ്പാ സർവീസിൽ കുട്ടികൾക്ക് ഹാഫ് ടിക്കറ്റ് കെ.എസ്.ആർ.ടി.സി അനുവദിക്കുന്നില്ല. ഹാഫ് ടിക്കറ്റ് നൽകിയ രണ്ട് കണ്ടക്ടർമാരെ ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കിയ സംഭവവും ഉണ്ടായിരുന്നു. വിവാദ ഉത്തരവ് നൽകിയ സ്റ്റേഷൻ മാസ്റ്ററെ ഉടൻ ചുമതലയിൽ നിന്ന് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓട്ടോറിക്ഷകളിലും അമിത നിരക്ക്

ചെങ്ങന്നൂരിൽ നിന്നും അയ്യപ്പന്റെ മൂലസ്ഥാനമായ പന്തളത്തേക്ക് പോകുന്ന ഭക്തരിൽ നിന്നും ചില ഓട്ടോറിക്ഷാ ഡ്രൈവർമാർ അമിത ചാർജ്ജ് ഈടാക്കുന്നതായി പരാതി ഉയർന്നു. ചെങ്ങന്നൂരിൽ നിന്നും പന്തളം കോയിക്കൽ ക്ഷേത്രത്തിലേക്ക് കൊണ്ടുവിടുന്നതിന് ഒരാളുടെ പക്കൽ നിന്നും 80 മുതൽ 100രൂപ വരെയാണ് മേടിക്കുന്നത്. 5മുതൽ 7വരെ തീർത്ഥാടകരെ കുത്തി നിറച്ചാണ് ഓട്ടോറിക്ഷകളുടെ സഞ്ചാരം. മിനിമം 450 മുതൽ 700രൂപ വരെയാണ് തീർത്ഥാടകരിൽ നിന്നും വാങ്ങുന്നത്.

...............

ചെങ്ങന്നൂരിൽ നിന്നും പമ്പയിലേക്ക് ഒരു ടിക്കറ്റിന് 180

...............

അയ്യപ്പന്റെ പേരിൽ സേവനം ചെയ്യുന്ന ഞങ്ങളെ ഉപയോഗിച്ച് എസ്.ഒ വളരെ മോശമായ പ്രവർത്തിയാണ് ചെയ്യിക്കുന്നത്.

(കെ.എസ്.ആർ.ടി.സി ജീവനക്കാർ)