road

പത്തനംതിട്ട : തിരക്കേറെയായതിനാൽ മിനി സിവിൽ സ്റ്റേഷന് മുമ്പിലുള്ള റോഡ് മുറിച്ച് കടക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് വഴിയാത്രക്കാർ. ഈ ഭാഗത്ത് സീബ്രാ ലൈൻ ഇല്ലാത്തതാണ് പ്രധാന പ്രശ്നം.

സെൻട്രൽ ജംഗ്ഷനിൽ പൊലീസ് ഗതാഗതം നിയന്ത്രിക്കുന്നുണ്ടെങ്കിലും നാല് ഭാഗത്ത് നിന്ന് എത്തുന്ന വാഹനങ്ങൾ നിറുത്താതെ കടന്ന് പോകുമ്പോൾ മിനി സിവിൽ സ്റ്റേഷന്റെ മുൻവശത്ത് റോഡ് ക്രോസ് ചെയ്യാൻ ഏറെ നേരം കാത്തിരിക്കണം. മിനി സിവിൽ സ്റ്റേഷനിൽ കോടതിയും ട്രഷറിയും കൂടാതെ മുപ്പതിലധികം സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ദിവസവും വിവിധ ആവശ്യങ്ങൾക്കായി ഇവിടേക്ക് വന്നുപോകുന്നവർ നിരവധിയാണ്.

വലിയ വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ കാൽനടയാത്രക്കാരാണ് ഏറെയും ബുദ്ധിമുട്ടിലാകുന്നത്.

സെൻട്രൽ ജംഗ്ഷൻ മുതൽ മിനി സിവിൽ സ്റ്റേഷൻ വരെയുള്ള കുറച്ച് ഭാഗം ഇന്റർലോക്ക് പാകിയിരിക്കുന്നതിനാൽ ഇരുചക്രവാഹനങ്ങളടക്കം ഇവിടെ തെന്നി അപകടത്തിൽപ്പെടാറുണ്ട്. മിനി സിവിൽ സ്റ്റേഷന്റെ രണ്ട് ഗേറ്റിലേക്കും വാഹനങ്ങൾ കയറാൻ കഴിയാത്ത വിധം ഗതാഗത കുരുക്കും ഉണ്ടാകാറുണ്ട്. വൃദ്ധർക്ക് പരസഹായമില്ലാതെ റോഡ് മുറിച്ച് കടക്കുക പ്രയാസമാണ്. പ്രൈവറ്റ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്കുള്ള ബസുകൾ കടന്നുപോകുന്ന റോഡാണിത്.

മിനി സിവിൽ സ്റ്റേഷന് മുന്നിൽ സീബ്രാ ലൈൻ അനിവാര്യമാണെന്നാണ് സ്ഥിരം യാത്രക്കാർ പറയുന്നത്. ഓഫീസിലെത്താൻ ബസിറങ്ങി വേഗത്തിൽ റോഡ് മുറിച്ച് കടക്കുമ്പോൾ അപകടത്തിൽപ്പെട്ടവരുമുണ്ട്. സീബ്രാ ലൈനില്ലാത്തതിനാൽ വാഹനം നിറുത്താൻ ചില ഡ്രൈവർമാർ തയാറാകാറുമില്ല.