പടിഞ്ഞാറ്റോതറയെ അവഗണിച്ച് കെ.എസ്.ആർ.ടി.സി.
തിരുവല്ല: കൊവിഡ് ഒഴിഞ്ഞിട്ടും കെ.എസ്.ആർ.ടി.സി. ബസ് സർവീസ് പുനരാരംഭിക്കാത്തതിനാൽ പടിഞ്ഞാറ്റോതറയിൽ യാത്രാക്ലേശം രൂക്ഷമായി. ഒന്നരവർഷം മുമ്പ് കൊവിഡിനെ തുടർന്ന് നിറുത്തലാക്കിയ തിരുവല്ല - കുറ്റൂർ, ചെങ്ങന്നൂർ - തൈമറവുംകര ബസ് സർവീസുകളാണ് പുനരാരംഭിക്കാത്തത്. പല റൂട്ടുകളിലും നിറുത്തിവച്ചിരുന്ന സർവീസുകൾ കെ.എസ്.ആർ.ടി.സി. പുനരാരംഭിച്ചെങ്കിലും ഈ റൂട്ടിൽ ഇതുവരെ സർവീസ് ആരംഭിക്കാത്തത് ജനങ്ങളുടെ ദുരിതം വർദ്ധിപ്പിച്ചിരിക്കുകയാണ്. ചെങ്ങന്നൂർ, കല്ലിശേരി, തൈമറവുംകര, അമ്പലത്തിങ്കൽ, കാവുങ്കൽപ്പടി, മനയ്ക്കച്ചിറ, തിരുവല്ല റൂട്ടിൽ ഇരുവശങ്ങളിലേക്കും ദിവസവും നാലുതവണ ബസ് സർവീസ് നടത്തിയിരുന്നത് ഗ്രാമീണമേഖലയിലെ ജനങ്ങൾക്ക് ഉപകാരപ്രദമായിരുന്നു. വിദ്യാർത്ഥികളുടെയും ജോലിക്ക് പോകുന്നവരുടെയുമെല്ലാം ഏകയാത്രാ മാർഗവുമായിരുന്നു സർവീസ്. നിലച്ചതോടെ സ്‌കൂളിലും കോളേജിലും എത്തിച്ചേരാൻ വിദ്യാർത്ഥികളും ജോലിക്ക് പോകാൻ പ്രദേശവാസികളും ബുദ്ധിമുട്ടുകയാണ്. എം.സി. റോഡിലേക്ക് എത്തിച്ചേരാൻ രണ്ട് കിലോമീറ്ററിലധികം ദൂരമുണ്ട്. ഇതിനായി നൂറ് രൂപയോളം ടാക്സികൾക്ക് കൂലി കൊടുക്കണമെന്ന് നാട്ടുകാർ പറയുന്നു. രാവിലെയും വൈകുന്നേരങ്ങളിലും ടാക്‌സികൾ കിട്ടാനില്ലാത്ത സ്ഥിതിയുമാണ്. കൊവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതോടെ പ്രദേശത്ത് യാത്രാക്ലേശം കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
നിവേദനം നൽകി
ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുസേവാ കേന്ദ്രം കുറ്റൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ സ്റ്റേഷൻ മാസ്റ്റർക്ക് നിവേദനം നൽകി. പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടിക്ക് നേതൃത്വം നൽകാനാണ് നാട്ടുകാരുടെ തീരുമാനം. സേവാകേന്ദ്രം ജില്ലാ സംഘടന സെക്രട്ടറി രതീഷ് ശർമ്മൻ, പ്രസിഡന്റ് ഭാസുരാംഗൻ, സനൽകുമാർ, രഞ്ജിത്ത്, ജയചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.