 
മല്ലപ്പള്ളി : കോട്ടയം-കോഴഞ്ചേരി സംസ്ഥാനപാതയിലെ മല്ലപ്പള്ളി മുതൽ പുല്ലാട് വരെയുള്ള ഭാഗങ്ങളിൽ ടാറിംഗിന്റെ ഇരുവശങ്ങളിലുമായി കാട് നിറഞ്ഞത് നീക്കം ചെയ്യുന്നതിന് അധികൃതരുടെ ഭാഗത്തു നിന്നും നടപടിയായില്ല. 12 കിലോമീറ്റർ ദൂരമുള്ള റോഡിന്റെ പല സ്ഥലങ്ങളിലും കാട് പന്തലിച്ച നിലയിലാണ്. സി.എം.എസ് ജംഗ്ഷൻ മുതൽ നെയ്തേലിപ്പടിക്കും ഇടയിൽ ഒരാൾ പൊക്കത്തിലാണ് കാട് വളർന്ന് പന്തലിച്ചത്. വളവുകൾ കൂടുതലായിട്ടുള്ള ഭാഗവുമാണ് ഇവിടം. പടുതോട് ജംഗ്ഷനു സമീപവും കീഴ് വായ്പൂര് പാറക്കടവിലും സുരക്ഷക്കായി സ്ഥാപിച്ചിട്ടുള്ള ഇടതാങ്ങിയും കാണാൻ സാധിക്കാത്ത തരത്തിലാണ് കാട് വളർന്നിരിക്കുന്നത് . മാസങ്ങൾക്ക് മുമ്പാണ് റോഡിന്റെ നവീകരണ പ്രവർത്തികൾ നടത്തിയത്. കേന്ദ്ര റോഡ് വികസന പദ്ധതിയിൽ 2017 - 18 ൽ റോഡ് നവീകരണത്തിനായി 15 കോടി രൂപ അനുവദിച്ചെങ്കിലും 11.72 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികളാണ് നടന്നത്. ഇത് രണ്ട് വർഷം മുമ്പ് പൂർത്തികരിച്ചിരുന്നു. കുറെ തുക നികുതിയിനത്തിൽ ഒടുക്കേണ്ടി വന്നു.ഇതിനും പുറമെ മിച്ചം ലഭിച്ചിരുന്ന 57ലക്ഷം രൂപയുടെ പ്രവർത്തികൾ നടത്തുന്നതിനും അനുമതി ലഭിച്ചിരുന്നു.നിലവിലുള്ള ഓട പുനരുദ്ധരിക്കുന്നതിനും കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിക്കുന്നതിനും,ഐറിഷ് ഓടയും നിർമ്മിക്കുന്നതിനുമായിരുന്നു പദ്ധതി.എന്നാൽ നാമമാത്ര ഇടങ്ങളിൽ ഐറിഷ് ഓടകളുടെ നിർമ്മാണവും ചില സ്ഥലങ്ങളിൽ നേരത്തെ ഉണ്ടായിരുന്ന ഓടകൾ പുനരുദ്ധരിച്ചുവെങ്കിലും ഭൂരിഭാഗം സ്ഥലങ്ങളും പഴയ സ്ഥിതിയിൽ തന്നെ തുടരുകയാണ്.കൂടാതെ വാഹനങ്ങൾക്കുള്ള അപകട മുന്നറിയിപ്പ് ബോർഡുകൾ പൂർണതോതിൽ നിർമ്മാണം നടത്താത്തതും വളവുകളിൽ ദിശാ ബോർഡുകൾ വേണ്ടത്ര സ്ഥാപിക്കാത്തതും അപകട ഭീഷണി ഉണ്ടാക്കുന്നു. വർഷങ്ങൾ പഴക്കമുള്ള കലിങ്കുകൾ പുനരുദ്ധരിച്ചെങ്കിലും ഇതിനോട് ചേർന്നുള്ള സ്ഥലങ്ങളിൽ ഓടകൾ നിർമ്മിക്കാത്ത സ്ഥലങ്ങളുമുണ്ട്. കഷായപ്പടിയിലും കീഴ് വായ്പൂര് ജംഗ്ഷന് സമീപവും പ്രയോജനകരമല്ലാത്ത ഇത്തരം കലുങ്കുകൾ കാണാൻ കഴിയും.സംസ്ഥാനപാതയായിട്ടും ഇതിന്റെ നിലവാരം റോഡിനില്ലെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആക്ഷേപം.
.......................
മല്ലപ്പള്ളി - പുല്ലാട് റോഡിലെ കാട് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തിൽ അവതരിപ്പിച്ചിരുന്നു. എത്രയും പെട്ടന്ന് റോഡിന്റെ വശങ്ങൾ വൃത്തിയാക്കുന്നതിനുള്ള നടപടി ഉണ്ടാകുമെന്ന് പൊതുമരാമത്ത് അധികാരികൾ ഉറപ്പു നൽകിയിട്ടുള്ളതാണ്.
റെജി പണിക്കമുറി
മല്ലപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ്
...................
കോട്ടയം -കോഴഞ്ചേരി സംസ്ഥാനപാതയിലെ പടുതോട് മുതൽ പുറമറ്റം പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന റോഡിന്റെ വശങ്ങളിലെ കാടു നീക്കം ചെയ്യുന്നതിന് പൊതുമരാമത്ത് അധികൃതർക്ക് കത്ത് നൽകിയിട്ടുള്ളതാണ്. നടപടികൾ ഉണ്ടാകാത്തപക്ഷം ഉന്നത അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരും
സൗമ്യ ജോബി
(പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ്)