പത്തനംതിട്ട: 27-ാമത് സംസ്ഥാന സീനിയർ പുരുഷ, വനിതാ സോഫ്റ്റ്‌ബാൾ ചാമ്പ്യൻഷിപ്പ് നാളെ മുതൽ 12 വരെ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ട്, ജില്ലാ സ്റ്റേഡിയം എന്നിവിടങ്ങളിലായി നടത്തും. 14 ജില്ലാ ടീമുകളും പൊതുവിദ്യാഭ്യാസ വകുപ്പിലെ പുരുഷ ടീമും മത്സരങ്ങളിൽ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നാളെ രാവിലെ 8ന് കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ടിൽ സംസ്ഥാന സോഫ്റ്റ്‌ബാൾ അസോസിയേഷൻ സെക്രട്ടറി അനിൽ എ. ജോൺസൺ പതാക ഉയർത്തും. ഉച്ചകഴിഞ്ഞ് 3.30ന് മന്ത്രി വീണാ ജോർജ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. സ്പർജൻ കുമാർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും. ദേശീയ താരങ്ങളെ ആദരിക്കും.
രണ്ട് ഗ്രൗണ്ടുകളിലായി മൂന്ന് മത്സരവേദികൾ ചാമ്പ്യൻഷിപ്പിനായി ക്രമീകരിക്കും 12ന് രാവിലെ 8ന് പുരുഷ, വനിതാ വിഭാഗം മത്സരങ്ങളുടെ ഫൈനൽ നടക്കും. 11ന് സമാപന സമ്മേളനം കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. പി. മാത്യു അദ്ധ്യക്ഷത വഹിക്കും. കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മൻ മുഖ്യാതിഥിയാകും. ഇന്ത്യൻ സോഫ്റ്റ്‌ബാൾ താരങ്ങളായ റിജു വി. റെജി, പി.പി. അജ്മൽ എന്നിവരെ ആദരിക്കും. സോഫ്റ്റ്‌ബാൾ താരമായിരുന്ന അന്തരിച്ച കെ.എസ്. ശരത്തിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ അവാർഡുകൾ വിജയികൾക്ക് സമ്മാനിക്കും.
സ്വാഗതസംഘം ചെയർമാനും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റുമായ കെ. അനിൽ കുമാർ, ജനറൽ കൺവീനർ വിപിൻ ബാബു, അസോസിയേഷൻ വൈസ് പ്രസിഡന്റ് രാജൻ പടിയറ, ഡോ. ശോശാമ്മ ജോൺ, അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.കെ. ജേക്കബ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.