പത്തനംതിട്ട: സി.എസ്‌.ഐ മദ്ധ്യകേരള മഹാഇടവകയുടെ ചുമതലയിലുള്ള തിരുവല്ല കുറ്റപ്പുഴ വാരിക്കാട് ബഥേൽ ആശ്രമത്തിന്റെ ശതാബ്ദി സമാപന പരിപാടികൾ ഇന്നും നാളെയുമായി നടക്കും.
ഇന്നു വൈകുന്നേരം വിശുദ്ധ കുർബാനയ്ക്ക് റവ. ജേക്കബ് ഡാനിയേൽ നേതൃത്വം നൽകും. നാളെ രാവിലെ 9ന് സി.എസ്‌.ഐ മദ്ധ്യകേരള മഹാ ഇടവക ബിഷപ് ഡോ. മലയിൽ സാബുകോശി ചെറിയാൻ സ്‌തോത്ര ശുശ്രൂഷ നിർവഹിക്കും. പത്തിനു ചേരുന്ന ശതാബ്ദി സമാപന യോഗത്തിൽ ബിഷപ് അദ്ധ്യക്ഷത വഹിക്കും. ഡോ. തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർവവിജ്ഞാന കോശം ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ് മുഖ്യസന്ദേശം നൽകും.വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് 1922ൽ സ്ഥാപിതമായതാണ് ബഥേൽ ആശ്രമം. സിസ്റ്റർ ഈഡിത്ത് നീവ്, സിസ്റ്റർ റെയ്ച്ചൽ ജോസഫ് എന്നിവരാണ് ആശ്രമത്തിന്റെ സ്ഥാപക പ്രവർത്തകർ.
ആശ്രമം വിസിറ്റർ റവ. ജോസഫ് തോമസ്, മദർ ശാന്തമ്മ ജോസഫ്, പ്രോഗ്രാം കൺവീനർ ചെറിയാൻ ജി. പത്തനംതിട്ട എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.