1
ഏനാത്ത് ആരംഭിച്ച ഫ്ലാറ്റുകളുടെ നിർമ്മാണം മുടങ്ങിയ നിലയിൽ

അടൂർ : സംസ്ഥാന സർക്കാരിന്റെ സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷൻ പദ്ധതി മൂന്നാംഘട്ടത്തിന്റെ ഭാഗമായി ജില്ലയിൽ ആരംഭിച്ച ഫ്ലാറ്റുകളുടെ നിർമ്മാണം ത്രിശങ്കുവിൽ. ഏഴംകുളം പഞ്ചായത്തിലെ ഏനാത്തും പന്തളം നഗരസഭയിലെ മുടിയൂർകോണത്തുമാണ് ഫ്ലാറ്റ് പണി​ ആരംഭിച്ചത്. നിർമ്മാണ ഉദ്ഘാടനം 2020 സെപ്റ്റംബർ 24 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. മുടിയൂർകോണം മന്നത്തു കോളനിയിൽ നഗരസഭയുടെ 72.5 സെന്റ് സ്ഥലത്ത് കെട്ടി​ടസമുച്ചയ നിർമ്മാണം ആരംഭിച്ചു. നാലുനിലകളിലായി 32, 12 വീതം ഫ്ലാറ്റുകളുള്ള രണ്ടു ടവറുകളാണ് ഇവി​ടെ പ്ലാൻ ചെയ്തത്. രണ്ടു കിടപ്പുമുറികളും ഹാളും അടുക്കളയും ടോയ്‌ലറ്റുമടങ്ങുന്ന ഒരു ഫ്ലാറ്റിന് 512 ചതുരശ്ര അടി വിസ്തീർണമാണ് നിശ്ചയിച്ചത്.

ഏനാത്ത് പഞ്ചായത്തി​ൽ 88 സെന്റ് സ്ഥലത്താണ് ഫ്ളാറ്റ് പണി​ ആരംഭിച്ചത്. നാലുനിലകളുള്ള 28 വീതം ഫ്ലാറ്റുകളുള്ള രണ്ട് ടവറുകളാണ് പ്ലാൻ ചെയ്തത്. മുടിയൂർകോണത്തെ രണ്ട് ഫ്ലാറ്റുകൾക്കും അടി​ത്തറ കെട്ടി​യിട്ടെയുള്ളു. ഏനാത്തെ ഒരു ഫ്ലാറ്റിന് അടി​ത്തറ പണി​തു.

മുടിയൂർകോണത്തെ ഫ്ലാറ്റ് നിർമ്മാണത്തിന് 5.58 കോടി​ രൂപയും ഏനാത്തെ ഫ്ലാറ്റി​ന് 7.27 കോടി​രൂപയും ആണ് അനുവദിച്ചത്.

ലൈറ്റ് ഗേജ്, സ്റ്റീൽ ഫ്രെയിം ഘടകങ്ങൾ ഉപയോഗിച്ചുള്ള പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യ ഉപയോഗിച്ചായി​രുന്നു നിർമ്മാണം. ഏനാത്തെ പണി​കൾ അഹമ്മദാബാദ് ആസ്ഥാനമായ മിത്സുമി നാരായണറാവു കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡും മുടിയൂർകോണത്തെ നിർമ്മാണം ഹൈദ്രാബാദ് ആസ്ഥാനമായ പെന്നാർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമാണ് കരാറെടുത്തത്. ആറുമാസം നി​ർമ്മാണ കാലാവധി പറഞ്ഞിട്ട് രണ്ടുവർഷം പി​ന്നി​ട്ടി​ട്ടും മണ്ണി​ൽ നി​ന്ന് കെട്ടി​ട സമുച്ചയം ഉയർന്നി​ട്ടി​ല്ല. പണി​കൾ വൈകുന്നതി​ന് കൃത്യമായ കാരണവും അധികൃതർക്കി​ല്ല. കൊവിഡും തൊഴിലാളിക്ഷാമവുമാണ് പതി​വ് പല്ലവി​.