പത്തനംതിട്ട: നഗരത്തിലെ ജല ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന അമൃത് കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് അനുമതിയായി. കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെയും നഗരസഭയുടെയും ആകെ വിഹിതമായ 16.15 കോടി രൂപയാണ് പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ വിനിയോഗിക്കുന്നത്. നഗരവാസികൾക്കും ജില്ലാ ആസ്ഥാനത്തെ സർക്കാർ വ്യാപാര സ്ഥാപനങ്ങൾക്കും കുടിവെള്ള വിതരണം നിലവിൽ കല്ലറക്കടവിലെ പാമ്പൂരി പാറയിലുള്ള പ്ലാന്റിൽ നിന്നാണ്. പ്രതിദിനം 6.5 ദശലക്ഷം ലിറ്റർ വെള്ളമാണ് ഈ പ്ലാന്റിൽ നിന്ന് വിതരണം ചെയ്യുന്നത്. പ്രാരംഭത്തിൽ പദ്ധതിയുടെ അടങ്കൽ 9 കോടി രൂപയായിരുന്നു. നഗരസഭാ ചെയർമാൻ സക്കീർ ഹുസൈന്റെ അഭ്യർത്ഥനയെ തുടർന്ന് 16 കോടിയായി വർദ്ധിപ്പിച്ചു. ആദ്യഘട്ടത്തിൽ 10.75 കോടി ചെലവിൽ വാട്ടർ അതോറിറ്റിയുടെ സ്ഥലത്ത് 10 ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കും. ഇതേ ശേഷിയുള്ള മറ്റൊരു പ്ലാന്റ് കൂടി സ്ഥാപിക്കാൻ മണിമല ഡാമിൽ നിന്ന് വെള്ളം എത്തിക്കുന്നതിനുള്ള നിർദ്ദേശം നഗരസഭാ ചെയർമാൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് സമർപ്പിച്ചിട്ടുണ്ട്.
നഗരത്തിൽ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്ന ഉയർന്ന പ്രദേശങ്ങളിൽ ജലവിതരണ പൈപ്പുകൾ സ്ഥാപിക്കാനുള്ള ടെൻഡർ നടപടികൾക്ക് തുടക്കമായി. വിവിധ പ്രദേശങ്ങളിൽ പ്രദേശങ്ങളിലെ സർവേ നടന്നുവരുന്നു. 3.5 കോടി രൂപയാണ് വിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിന് വകയിരുത്തിയിട്ടുള്ളത്.പദ്ധതി നിർവഹണ
പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി നഗരസഭാ ചെയർമാന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. മുനിസിപ്പൽ എൻജിനീയർ സുധീർ രാജ്, വാട്ടർ അതോറിറ്റി എക്‌സിക്യുട്ടീവ് എൻജിനീയർ തുളസിധരൻ, തുടങ്ങിയവർ പങ്കെടുത്തു