underpass
കുറ്റൂരിലെ നവീകരിച്ച റെയിൽവേ അടിപ്പാതയുടെ ഉദ്ഘാടനം നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ കുട്ടികൾ നിർവഹിക്കുന്നു

തിരുവല്ല: വെള്ളക്കെട്ടാൽ യാത്രാദുരിതം അനുഭവിച്ചിരുന്ന കുറ്റൂർ റെയിൽവേ അടിപ്പാതയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുത്തു. കഴിഞ്ഞ ഒരു മാസക്കാലമായി റോഡ് ഗതാഗതം പൂർണമായി നിറുത്തിവച്ച് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നിർമ്മാണ പ്രവർത്തികളാണ് നടന്നത്. വെള്ളപ്പൊക്ക കാലത്തുപോലും ചെറിയ വാഹനങ്ങൾക്ക് പോകുന്നതിനായി റോഡിന്റെ ഒരുവശത്ത് നാലടി ഉയരത്തിലും മറുവശത്ത് ആറടി വീതിയിലും ബാരിക്കേഡ് കെട്ടി റോഡ് നിർമ്മിച്ചിട്ടുണ്ട്. ഇതുകൂടാതെ നിലവിലെ റോഡിൽ കമ്പികെട്ടി കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. വെള്ളം റോഡിനുള്ളിലേക്ക് കടക്കാതിരിക്കാനായി റോഡിന്റെ ഇരുവശത്തും വലിയ ഓട നിർമ്മിച്ച് ഇരുമ്പ് വലയും സ്ഥാപിച്ചു. മഴയത്ത് അടിപ്പാതയിൽ വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യമുണ്ടെങ്കിൽ വറ്റിക്കാനായി മോട്ടോർ വയ്ക്കുന്നതിനുള്ള ഷെഡും നിർമ്മിച്ചിട്ടുണ്ട്. എന്നാൽ മോട്ടോർ സ്ഥാപിച്ചിട്ടില്ല. മൂന്നര മീറ്റർ ഉയരമുള്ള വാഹനങ്ങൾക്ക് വരെ കടന്നുപോകാവുന്ന വിധത്തിലാണ് നിർമ്മാണങ്ങൾ പൂർത്തിയാക്കിയിട്ടുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. അതേസമയം മഴ പെയ്യുമ്പോൾ മാത്രമേ റെയിൽവേയുടെ പുതിയ പരിഷ്‌ക്കാരം യാത്രക്കാർക്ക് ഗുണകരമാണോയെന്ന് അറിയാനാകൂ. നവീകരിച്ച റെയിൽവേ അടിപ്പാതയുടെ ഉദ്ഘാടനം നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ കുട്ടികളായ രുദ്ര അനിൽ, അമയ അശോക്, ഇവ അന്നാ ജെറിൻ, അപർണ എന്നിവർ ചേർന്ന് നിർവഹിച്ചു. നാട്ടുകൂട്ടം ഭാരവാഹികളായ വി.ആർ.രാജേഷ്, അനിൽകുമാർ, ശ്രീകുമാർ, ജെയിംസ്, സുരേന്ദ്രൻ, ശ്രീപ്രകാശ്, കിഷോർകുമാർ ടി.കെ, സുജ അശോക്, ഉഷാ അരവിന്ദ്, കലാ സതീഷ്, സരസ്വതിയമ്മ എന്നിവർ നേതൃത്വം നൽകി.