road
ആഞ്ഞില്ക്കുന്നു കിഴക്കുപുറം മലയാലപ്പുഴ റോഡിന്റെ വശങ്ങളിൽ പൊന്തക്കാടുകൾ വളർന്നു നിൽക്കുന്നു

കോന്നി: ശബരിമല തീർത്ഥാടകർ കാൽനടയായി സഞ്ചരിക്കുന്ന ആഞ്ഞില്ക്കുന്നു കിഴക്കുപുറം മലയാലപ്പുഴ റോഡിന്റെ വശങ്ങളിൽ പൊന്തക്കാടുകൾ വളർന്നു നിൽക്കുന്നത് തീർത്ഥാടകർക്ക് ഭീഷണിയാകുന്നു. തമിഴ്നാട്ടിൽ നിന്ന് കാൽനടയായി വരുന്ന നിരവധി തീർത്ഥാടകരാണ് ഈ റോഡിലൂടെ പകലും രാത്രിയിലും കടന്നുപോകുന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള തീർത്ഥാടകർ അച്ചൻകോവിൽ കല്ലേലി വനപാതയിലൂടെ കോന്നിയിലെത്തി മുരിങ്ങമംഗലം ക്ഷേത്രത്തിൽ എത്തിയശേഷമാണ് അട്ടച്ചാക്കൽ, ആഞ്ഞില്ക്കുന്നു കിഴക്കുപുറം വഴി മലയാലപ്പുഴ ക്ഷേത്രത്തിലേക്കും തുടന്ന് എരുമേലി വഴി ശബരിമലയിലേക്കും പോകുന്നത്. റോഡിലെ ആഞ്ഞില്ക്കുന്നു മുതൽ മലയാലപ്പുഴ വരെയുള്ള ഭാഗങ്ങളിൽ റോഡിനിരുവശവും പൊന്തക്കാടുകൾ തീർത്ഥാടകർക്ക് ഭീഷണിയായിമാറുകയാണ്. ഇവിടെ ഇഴജന്തുക്കളുടെയും കാട്ടുപന്നിയുടെയും ശല്യവുമുണ്ട്. കോന്നി മലയാലപ്പുഴ പഞ്ചായത്തുകളിൽ ഉൾപ്പെടുന്നതാണ് പ്രദേശം. ഈ റോഡിലൂടെ കാൽനടയായി വരുന്ന ശബരിമല തീർത്ഥാടകരുടെ എണ്ണവും വർദ്ധിച്ചിട്ടിട്ടുണ്ട്. ആഞ്ഞില്ക്കുന്നു മുതൽ കോട്ടമുക്ക് വരെയുള്ള നാലു കിലോമീറ്റർ റോഡ് അടുത്തിടെ ആറു കോടി രൂപ മുതൽമുടക്കിൽ വികസിപ്പിച്ചിരുന്നു. മലയാലപ്പുഴ ക്ഷേത്രത്തിലേക്കും പൊന്നമ്പി പള്ളിയിലേക്കും പോകുന്നവരും ഈ റോഡിലൂടെയാണ് സഞ്ചരിക്കുന്നത് റോഡിന്റെ വശങ്ങളിലെ കാടുകൾ തെളിക്കുന്നതിന് കോന്നി മലയാലപ്പുഴ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

......................

ശബരിമല തീർത്ഥാടകർ കാൽനടയായി പോകുന്ന റോഡിന്റെ വശങ്ങളിലെ കാടുകൾ തെളിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം

(പ്രകാശ് കിഴക്കുപുറം

പ്രദേശവാസി)