പത്തനംതിട്ട: മരത്തിന് മുകളിൽ വച്ച് ബോധക്ഷയം വന്ന തൊഴിലാളിയെ ഫയർഫോഴ്‌സ് സംഘം രക്ഷിച്ചു. കുലശേഖരപതി പുളിമൂട്ടിൽ ഷാഹുൽ ഹമീദ് (55) ആണ് മുപ്പതടിയോളം ഉയരം വരുന്ന പ്ലാവിൽ കുടുങ്ങിയത്. മരം മുറിക്കാൻ കയറിയതായിരുന്നു. നഗരസഭ 13ാം വാർഡിൽ കുലശേഖരപതിയിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു സംഭവം. മരം മുറിക്കുന്നതിനിടെ കൈക്കുഴ ഇളകിമാറിയതോടെ വേദന കൊണ്ട് നിലവിളിച്ച് മരത്തിന്റെ ശിഖരത്തിൽ കാലുകൾ കൊരുത്തിട്ടിരുന്നു. ഇവിടെയുണ്ടായിരുന്ന സിവിൽ ഡിഫൻസ് അംഗം ഷൈജു ഫയർഫോഴ്സിൽ വിവരം അറിയിച്ചു. അൽപം കഴിഞ്ഞ് ഷാഹുൽ ഹമീദിന് ബോധക്ഷയം സംഭവിച്ചു. പത്തനംതിട്ട യൂണിറ്റ് ഫയർഫോഴ്‌സ് സംഘം വലയും കയറും ഉപയോഗിച്ച് ഷാഹുൽ ഹമീദിനെ താഴെയിറക്കി. തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്റ്റേഷൻ ഫയർ ഓഫീസർ ജോസഫ് ജോസഫ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സന്തോഷ് കുമാർ, ഫയർ ഓഫീസർമാരായ രമേശ്കുമാർ, നൗഷാദ്, ജിഷ്ണു, അനൂപ്, അനിൽ രാജ്, വിപിൻ, അജു, സുധിൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.