കോന്നി: കലഞ്ഞൂരിൽ പുലി ഇറങ്ങിയ സ്ഥലങ്ങളിൽ ഉടൻ ഡ്രോൺ പരിശോധന നടത്തുമെന്ന് കെ.യു. ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. പുലി ഭീഷണി നേരിടുന്നതിന് സ്വീകരിച്ചിരിക്കുന്ന നടപടികൾ വിലയിരുത്തുന്നതിന് കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന വനം റവന്യു, പഞ്ചായത്ത് അധികൃതരുടെ സംയുക്ത യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എം.എൽ.എ.
കോന്നി ഡി.എഫ്.ഒ ആയുഷ് കുമാർ ഘോരി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി. ജയകുമാർ ഡെപ്യൂട്ടി കളക്ടർ ബി.ജ്യോതി, അടൂർ ആർ.ഡി.ഒ എ. തുളസീധരൻ പിള്ള, കോന്നി തഹസിൽദാർ അച്ചൻകുഞ്ഞ്, കലഞ്ഞൂർ പഞ്ചായത്ത് സെക്രട്ടറി മൈക്കിൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും അടുത്ത ദിവസം തന്നെ ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ ഡ്രോൺ പരിശോധന നടത്തും. വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ സേനയെ വിന്യസിച്ച് ക്യാമ്പ് ചെയ്ത് പട്രോളിംഗ് ശക്തിപ്പെടുത്തും. പുലിയിറങ്ങിയ സ്ഥലങ്ങളിൽ കൂടുതൽ കൂടുകൾ സ്ഥാപിക്കും. വനം വകുപ്പ് ആറ് കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. പട്രോളിംഗ് നടത്തിവരികയാണ്. ഒരു കൂടും സ്ഥാപിച്ചിട്ടുണ്ട്. കൂടിന് സമീപം വനം വകുപ്പ് ഉദ്യോഗസ്ഥരും ഡ്യൂട്ടിയിലുണ്ട്. നവംബർ 27 മുതലാണ് കലഞ്ഞൂരിലെ ജനവാസ കേന്ദ്രങ്ങളിൽ പുലിയെ കാണാൻ തുടങ്ങിയത്.