
പത്തനംതിട്ട : ജില്ലയിൽ കുടുംബശ്രീക്ക് നാഥനില്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞു. പുതിയ ആളെ ഇതുവരെ നിയമിച്ചിട്ടില്ല. നിലവിൽ ഡെപ്യൂട്ടേഷനിലുള്ള ഉദ്യോഗസ്ഥനാണ് കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ (ഡി.എം.എസി) ആയി ജോലി ചെയ്യുന്നത്. ജില്ലാ കോർഡിനേറ്ററിന്റെ ഒഴിവ് മാത്രമല്ല അസിസ്റ്റന്റ് കോർഡിനേറ്റർ തസ്തികയും (എ.ഡി.എം.സി) ഒഴിഞ്ഞു കിടക്കുകയാണ്. ജില്ലയിൽ 53 ഗ്രാമപഞ്ചായത്തുകളിലും നാല് നഗരസഭകളിലുമായി 10,355 കുടുംബശ്രീ യൂണിറ്റുകളുണ്ട്. ജില്ലയിലെ ഭൂരിപക്ഷം പദ്ധതികളും സംരംഭങ്ങളും കുടുംബശ്രീ കേന്ദ്രീകരിച്ചാണ് നടപ്പാക്കുന്നത്. ഡെപ്യൂട്ടേഷനിലുള്ള ഉദ്യോഗസ്ഥൻ ആഴ്ചയിൽ ഒരു ദിവസം ജില്ലയിലെത്തിയാണ് പ്രധാനപ്പെട്ട ഫയലുകളിൽ ഒപ്പ് ഇടുക. ഡിജിറ്റൽ ഒപ്പാണ് മറ്റൊരു ആശ്രയം.
കുടുംബശ്രീ ജില്ലാ മിഷൻ ഉദ്യോഗസ്ഥർ, ബ്ലോക്ക് ഓഫീസർമാർ സി.ഡി.എസ് കമ്മിറ്റി മെമ്പർമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇപ്പോൾ പദ്ധതികൾ നടപ്പാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതും നടപ്പാക്കേണ്ടതും ജില്ലാ കോർഡിനേറ്ററാണ്. നിലവിലുള്ള ഉദ്യോഗസ്ഥന് കോട്ടയം, പത്തനംതിട്ട ജില്ലകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പാക്കണം. കുടുംബശ്രീ കേന്ദ്രീകരിച്ച് നടക്കുന്ന പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടത്തേണ്ടതും ഇതേ ഉദ്യോഗസ്ഥനാണ്.
മുപ്പതിലധികം സംരംഭങ്ങൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലയിലുണ്ട്. ക്രിസ്മസ് വിപണിയുമായി ബന്ധപ്പെട്ട് നിരവധി സംരംഭങ്ങൾ ഈ മാസം ജില്ലയിൽ സജീവമാകും. ആറ് മാസത്തിലേറെയായി പത്തനംതിട്ടയിൽ കുടുംബശ്രീക്ക് ജില്ലാ കോർഡിനേറ്രറില്ല. ഇതുകാരണം തീരുമാനങ്ങളും പദ്ധതികളും നടപ്പാക്കാൻ കാലതാമസം നേരിടുന്നുണ്ട്. കളക്ടറേറ്റിലെ മൂന്നാംനിലയിലാണ് ജില്ലാ കുടുംബശ്രീ മിഷന്റെ ഓഫീസ് പ്രവർത്തിക്കുന്നത്.
ജില്ലയിൽ കുടുംബശ്രീ
യൂണിറ്റുകൾ : 10,355
അംഗങ്ങൾ : 1,67,892
സി.ഡി.എസ് : 58