പത്തനംതിട്ട: കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലൂടെ കടന്നുപോകുന്ന ഭരണിക്കാവ് - മുണ്ടക്കയം ദേശീയപാത (183 എ ) നാലുവരിയാക്കാനുള്ള പദ്ധതി സ്ഥലം ഏറ്റെടുപ്പിലെ എതിർപ്പും കെടുകാര്യസ്ഥതയുംമൂലം വഴിമുട്ടി. 2019ൽ കേന്ദ്രാനുമതി ലഭിച്ചതു പ്രകാരമുള്ള റോഡ് വികസനത്തിന് ആവശ്യമായ സ്ഥലം വിട്ടുകൊടുക്കുന്നതിൽ പ്രദേശവാസികൾ എതിർപ്പു കടുപ്പിച്ചതോടെ റോഡിന്റെ വീതി 30 മീറ്ററിൽ നിന്ന് 18 മീറ്ററായി കുറച്ചിരുന്നു.
എന്നാൽ, ദേശീയപാത അതോറിട്ടിയുടെ നിബന്ധനകൾ പ്രകാരം ബൈപ്പാസ് ഭാഗങ്ങളിലെങ്കിലും 30 മീറ്റർ മുതൽ 45 മീറ്റർ വരെയാണ് വീതി വേണ്ടത്. ഇതിനായി അത്തരം കേന്ദ്രങ്ങളിൽ കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടിവരും. അതിന് വീടുകളും കെട്ടിടങ്ങളും പൊളിച്ചുനീക്കേണ്ടതുണ്ട്. ഇത് പ്രയാേഗികമല്ലെന്നും പ്രതിഷേധത്തിന് ഇടയാക്കുമെന്നും ജനപ്രതിനിധികൾ കേന്ദ്ര ഗതാഗതമന്ത്രാലയത്തെ അറിയിച്ചിരുന്നു. തുടർന്ന്
പദ്ധതിരേഖയിൽ മാറ്റംവരുത്തി നൽകണമെന്ന് ബന്ധപ്പെട്ടവർ നിർദ്ദേശിച്ചെങ്കിലും നടപ്പായില്ല. മുംബയിലെ സ്റ്റുപ്പ് കൺസൾട്ടന്റാണ് പദ്ധതിരേഖ ആദ്യം തയ്യാറാക്കിയത്. ബൈപ്പാസ് ഭാഗങ്ങളിൽ വീതി കുറച്ചുകൊണ്ടുള്ള പദ്ധതിരേഖ ഇതുവരെ തയ്യാറായിട്ടില്ല.