road-
കാടുമൂടി ചരിഞ്ഞു കിടക്കുന്ന അപകട മുന്നറിയിപ്പ് ലൈറ്റ്

റാന്നി : എരുമേലി -വെച്ചൂച്ചിറ -അത്തിക്കയം റോഡിലെ അപകട മുന്നറിയിപ്പ് കാര്യക്ഷമമല്ല. കഴിഞ്ഞ ദിവസം ചെമ്പനോലിയിൽ തീർത്ഥാടന വാഹനം അപകടത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴക്ക്. എരുമേലി - കണമല റോഡിൽ തീർത്ഥാടന വാഹനങ്ങൾ തുടരെ അപകടത്തിൽപ്പെടുന്നതിനാലാണ് മുക്കട വഴിയും, വെച്ചൂച്ചിറ വഴിയും വലിയ വാഹനങ്ങൾ കടത്തിവിടുന്നത്. എന്നാൽ ഇവയിൽ രണ്ടു റോഡുകളിലെയും പ്രധാന വളവുകളിൽ ഉൾപ്പെടെ സുരക്ഷാ മുന്നറിയിപ്പുകളും സുരക്ഷാ വേലിയും നശിച്ച നിലയിലും ഉപയോഗപ്രദമല്ലാത്തതുമാണ്. ക്രാഷ്ബാരിയറോ, സുരക്ഷാ മുന്നറിയിപ്പ് ലൈറ്റുകളോ ബന്ധപ്പെട്ടവർ ഇതുവരെയും തയാറായിട്ടില്ല. കൊവിഡ് നിയന്ത്രണം മാറിയതോടെ ശബരിമലയിലേക്കുള്ള തീർത്ഥാടകരുടെ വരവ് ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്.എന്നാൽ അന്യ സംസ്ഥാനത്ത് നിന്നും ഉൾപ്പടെയെത്തുന്ന തീർത്ഥാടകർക്ക് സുരക്ഷിത യാത്ര ഒരുക്കാനുള്ള പ്രവർത്തനങ്ങളിൽ അലംഭാവമാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. ഇടമുറിക്കും പൊന്നമ്പാറക്കും ഇടയിൽ മുമ്പ് സ്ഥാപിച്ചിരുന്ന സുരക്ഷാവേലികൾ പുതിയ റോഡ് നിർമ്മാണം കഴിഞ്ഞതോടെ അപകടങ്ങളെ തടയാൻ കഴിയാത്ത സ്ഥിതിയിലാണ്. വളവിൽ അപകടങ്ങൾ ഉണ്ടായാൽ വാഹനങ്ങൾ കുഴിയിലേക്ക് മറിയാൻ സാദ്ധ്യത ഏറെയാണ്. ചെമ്പനോലിയിൽ സ്ഥിരം അപകട മേഖലയാണ്. മുമ്പ് ലോഡുമായി വന്ന ടിപ്പർ മറിഞ്ഞ് ഡ്രൈവർ മരിച്ചിരുന്നു. അടിയന്തരമായി ഇരു റോഡുകളിലെയും സുരക്ഷാ സംവിധാനങ്ങൾ കാര്യക്ഷമമാക്കി തീർത്ഥാടകർക്കും മറ്റു യാത്രക്കാർക്കും സുഗമമായും സുരക്ഷിതമായും യാത്ര ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

..................

ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്ന ഡ്രൈവർമാർക്ക് വളവിന്റെ വ്യാപ്തി തിരിച്ചറിയും വിധം സുരക്ഷാ മുന്നറിയിപ്പ് ഇവിടെ നൽകുന്നില്ല. നിലവിലുള്ള അപകട മുന്നറിയിപ്പ് ലൈറ്റ് കാടുമൂടി സ്ഥിതിയിലാണ്.

സുജിത്ത് ജോസ്

(പ്രദേശവാസി )