g

ശബരിമല: തീർത്ഥാടകരുടെ പ്രവാഹത്തെ തുടർന്ന് ശബരിമലയിൽ നിയന്ത്രണങ്ങൾ താളംതെറ്റി.

പന്ത്രണ്ട് മുതൽ പതിനഞ്ച് മണിക്കൂ‍ർ വരെ കാത്തുനിന്ന ശേഷമാണ് ഇന്നലെ ഭൂരിഭാഗം ഭക്തർക്കും ദർശനം ലഭിച്ചത്.

രണ്ട് ദിവസമായി വലിയനടപ്പന്തൽ തിങ്ങിനിറഞ്ഞ നിലയിലാണ്. പലപ്പോഴും തീർത്ഥാടകരുടെ നിര ശരംകുത്തിയും മരക്കൂട്ടവും പിന്നിട്ടിരുന്നു. പ്രതിദിന തീർത്ഥാടകരുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലേക്കെത്തി. പ്രധാന ഇടത്താവളങ്ങളിലെല്ലാം ഇന്നലെ നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നു. പത്ത് ഹെക്ടറുള്ള നിലയ്ക്കലിലെ പാർക്കിംഗ് ഗ്രൗണ്ട് ഇന്നലെ പുലർച്ചെ തന്നെ നിറഞ്ഞുകവിഞ്ഞു. റബർ തോട്ടങ്ങളിലും റോഡിന്റെ വശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്തതോടെ ഗതാഗതം തടസപ്പെട്ടു. തുടർന്ന് തീർത്ഥാടന പാതയിലെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങൾ തടഞ്ഞു. മിക്കയി‌ടങ്ങളിലും ആറ് മുതൽ എട്ട് കിലോമീറ്ററുകൾ വരെ നീണ്ട ഗതാഗതക്കുരുക്കുണ്ടായി. തിരക്ക് വർദ്ധിച്ചതോടെ കെ.എസ്.ആർ.ടി.സി കൂടുതൽ ബസുകൾ എത്തിച്ചിട്ടുണ്ട്.

തിരക്കിൽപ്പെട്ട് ശാരീരിക അസ്വസ്ഥതകളുണ്ടായ കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ളവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.