b

ശബരിമല : പമ്പയിലെ കോളിഫോം ബാക്ടീരിയയുടെ അളവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കുള്ളാർ ഡാം തുറക്കാൻ തീരുമാനം. പതിനായിരക്കണക്കിന് തീർത്ഥാടകർ പുണ്യസ്നാനം നടത്തുന്ന പമ്പാ നദിയിൽ കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമാതീതമായി ഉയരുന്നത് സംബന്ധിച്ച് കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി. പമ്പാ നദിയുടെ ശുചീകരണത്തിനും

കോളിഫോം ബാക്റ്റീരിയയുടെ അളവ് നിയന്ത്രിക്കുന്നതിനുമായി പ്രതിദിനം 15,000 ഘന മീറ്റർ ജലം തുറന്നു വിടാനാണ് സീതത്തോട് കക്കാട് കെ.എസ്.ഇ.ബി ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനിയർക്ക് ജില്ലാ കളക്ടർ ഡോ. ദിവ്യ. എസ്. അയ്യർ നിർദ്ദേശം നൽകിയത്. ഈ മാസം 27 വരെയാണ് അനുമതി.

100 മില്ലിഗ്രാം വെള്ളത്തിൽ 500 കോളിഫോം ബാക്ടീരിയയാണ് അനുവദനീയമായ അളവ്. എന്നാൽ പമ്പയിൽ ഇത് ആയിരത്തിന് മുകളിൽ എത്തിയിരുന്നു. മനുഷ്യ വിസർജ്യമടക്കമുള്ള മാലിന്യങ്ങളിൽ നിന്നുള്ള കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യവും കണ്ടെത്തിയിരുന്നു. 100 മില്ലിഗ്രാം വെള്ളത്തിൽ 2500 വരെയാണ് ഈ ഭാഗങ്ങളിൽ ബാക്ടീരിയയുടെ അളവ്. ഞുണുങ്ങാ​റ്റിലൂടെയാണ് മനുഷ്യവിസർജ്യം അധികവും ഒഴുകിയെത്തുന്നത്. സന്നിധാനത്ത് മലിനീകരണ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും മനുഷ്യവിസർജ്യം ഇപ്പോഴും താഴേക്കാണ് ഒഴുകുന്നത്. ത്രിവേണി 700, കക്കിയാർ 600 എന്ന തോതിലായിരുന്നു കഴിഞ്ഞ ആഴ്ചയിൽ ബാക്ടീരിയയുടെ സാന്നിദ്ധ്യം.