കോന്നി: കലഞ്ഞൂരിൽ പുലിയെ കണ്ടെത്താൻ ഇന്ന് എത്തുന്നത് അത്യാധുനിക സംവിധാനങ്ങളുള്ള ഡ്രോൺ കാമറ. കേരളത്തിൽ ആദ്യമായി ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയും ഇതിനുണ്ട്.ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സെൻസ് ഇമേജ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്‌ഥാപനമാണ് ഇന്ന് കൂടൽ ഇഞ്ചപ്പാറ മേഖലയിൽ ജനങ്ങളെ ആക്രമിക്കുന്ന പുലിയെ കണ്ടെത്തുവാൻ വേണ്ടി എത്തുന്നത്. അഞ്ച് കിലോമീറ്റർ ദൂര പരിധിയിൽ പ്രവർത്തിക്കുന്ന ഡ്രോൺ രാത്രിയിലും സെർച്ച്‌ ലൈറ്റ് ഉപയോഗിച്ച് തിരച്ചിൽ നടത്താനുള്ള സൗകര്യം ഉണ്ട്.തെർമൽ കാമറയാണ് ഇതിനായി ഉപയോഗിക്കുന്നത്.സ്കൈ കോപ്റ്റർ A6, ക്വാഡാകോപ്റ്റർ എന്നീ രണ്ടു ഡ്രോണുകളും 40x സൂം കാമറയും തെർമൽ കാമറയുമാണ് ഡ്രോണിൽ ഉപയോഗിക്കുന്നത്. കല്യാൺ സോമൻ ഡയറക്ടർ ആയിട്ടുള്ള ടീമിൽ അനിൽ കുമാർ മച്ചാനി, ശ്രീറാം, ദാസ്, ദിവ്യ സുന്ദർ എന്നിവരാണ് സംഘത്തിലുള്ളത്. ഇന്ന് രാവിലെ മുതൽ സംഘം വന പാലകരോടൊപ്പം പുലിക്കായി തിരച്ചിൽ നടത്തും.