
ശബരിമല : അരവണ ക്യാനുകൾ സ്വന്തം നിലയിൽ നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇതിന് ആവശ്യമായ പദ്ധതി രേഖ തയ്യറാക്കി സമർപ്പിക്കാൻ ചീഫ് എൻജിനിയറെ ചുമതലപ്പെടുത്തി. നിലവിൽ ഗുണനിലവാരമില്ലാത്തെ ഡപ്പ വിവാദം കത്തിനിൽക്കുന്ന സാഹചര്യത്തിൽ ഹൈക്കോടതി ബോർഡിന്റെ സ്വന്തം ഡപ്പയെന്ന ആശയം മുന്നോട്ടുവച്ചിരുന്നു. ഇതേ തുടർന്നാണ് നടപടികൾ തുടങ്ങിയത്. ഫാക്ടറി എവിടെ വേണം പദ്ധതി ഏത് രീതിയിൽ നടപ്പാക്കണം എന്നതൊക്കെ ഡി.പി.ആർ പഠിച്ച ശേഷം പരിഗണിക്കും. അടുത്ത വർഷം മുതൽ അരവണ പ്രസാദം സ്വന്തമായി നിർമ്മിക്കുന്ന ക്യാനിൽ വിതരണം ചെയ്യാനാണ് നീക്കം. ക്യാനുകൾ നിർമ്മിക്കുന്നതിനുള്ള പ്ലാന്റ് സജ്ജമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞതായും പരിസ്ഥിതി സൗഹൃദമായ ക്യാനുകളായിരിക്കും പ്ലാന്റിൽ ഉൽപ്പാദിക്കുകയെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ പറഞ്ഞു.